മുനമ്പം വിവാദത്തിന്‌ പിന്നിൽ
ഗൂഢ അജൻഡ: ഐഎൻഎൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 22, 2024, 01:16 AM | 0 min read


കോഴിക്കോട്
മുനമ്പത്തിന്റെ പേരിൽ കേരളത്തിൽ വീണ്ടും കോ-ലീബി സഖ്യം ദൃഢപ്പെടുകയാണെന്ന്‌ ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മോദി സർക്കാർ വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കാൻ  ശ്രമിക്കുമ്പോൾ മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ മുസ്ലിം ലീഗ് നടത്തിയ മലക്കംമറിച്ചിലിനുപിന്നിൽ ഗൂഢ അജൻഡകളുണ്ട്‌. 

മുനമ്പം വിഷയത്തിൽ ലീഗിന്റെ 2022 വരെയുള്ള നിലപാടിൽനിന്നുള്ള പിന്മാറ്റം, പ്രശ്‌നം ശാശ്വതമായി പരിഹരിക്കാനുള്ള ആഗ്രഹമല്ലെന്ന്‌ തെളിയുകയാണ്.
 ആർഎസ്എസ്, -മെത്രാൻ സഭയുമായി ഉണ്ടാക്കിയ രഹസ്യഡീലും ലീഗ്‌ അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളെ മുന്നിൽ നിർത്തിയുള്ള രാഷ്ട്രീയ മുതലെടുപ്പുമാണ്‌  ഇപ്പോൾ നടക്കുന്ന നാടകങ്ങൾക്കുപിന്നിൽ. മുനമ്പത്തെ ഭൂമി വഖഫ് അല്ലെന്ന് നേരത്തെ പ്രഖ്യാപിച്ച ഹൈക്കോടതി അഭിഭാഷകൻ കൂടിയായ എറണാകുളത്തെ മുസ്ലിംലീഗ് നേതാവാണ്‌ കോഴിക്കോട്ട് കഴിഞ്ഞാഴ്‌ച വിളിച്ചുകൂട്ടിയ മുസ്ലിം സംഘടനകളുടെ യോഗത്തിന്‌ പിന്നിൽ. മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ സമസ്‌ത തീരുമാനമെടുത്തിട്ടില്ലെങ്കിലും ലീഗിന് സദാ വിധേയരായുള്ള ഏതാനും പണ്ഡിതന്മാരാണ് വഖഫിനെ കൈയേറ്റക്കാർക്ക് അടിയറവ് പറയിക്കാൻ എടുത്തുചാട്ടം നടത്തിയത്‌. ഇതിൽ മറ്റു മതസംഘടനകൾക്ക്‌ എതിർപ്പുണ്ട്‌.

പാണക്കാട് തങ്ങളുടെ നേതൃത്വത്തിൽ മഹത്തായൊരു കൃത്യമാണ് പൂർത്തീകരിക്കുന്നതെന്ന മട്ടിൽ ചാനലുകളിലും അഭിമുഖങ്ങളിലും സങ്കീർത്തനങ്ങൾ ചൊരിയുന്നതിന്‌ പിന്നിലും ഇടനിലക്കാരൻ തന്നെയാണ്‌. 2022ന് ശേഷം വഖഫ് ബോർഡ് ഒരാൾക്കും കുടികിടപ്പ് സംബന്ധിച്ച് നോട്ടീസ് അയച്ചിട്ടില്ല. എന്നിട്ടും മുനമ്പത്ത് സമരമുഖം തുറക്കാൻ സംഘ്‌പരിവാർ–--കാസ നേതൃത്വം മുന്നോട്ടുവന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെയും പി കെ കുഞ്ഞാലിക്കുട്ടിയുടെയും മൗനാനുവാദത്തോടെയാണ്‌. സംസ്ഥാന സർക്കാരിന് തലവേദന സൃഷ്ടിക്കുക മാത്രമല്ല ലക്ഷ്യം. വിവാദ വഖഫ് ബിൽ പാസായി കിട്ടിയാൽ മുനമ്പമടക്കം പരശ്ശതം കോടികളുടെ വഖഫ് സ്വത്തുക്കൾ നിയന്ത്രണത്തിലാക്കാൻ സാധിക്കും. ഇതിന്റെ പശ്ചാത്തലത്തിൽ 26ന് വഖഫ് സംരക്ഷണ ദിനമായി കൊണ്ടാടാനും ജില്ലാ ആസ്ഥാനങ്ങളിൽ വഖഫ് സംരക്ഷണ സംഗമങ്ങൾ സംഘടിപ്പിക്കാനും ഐഎൻഎൽ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. വാർത്താസമ്മേളനത്തിൽ സി എച്ച്‌ ഹമീദ്‌, ശോഭ അബൂബക്കർ ഹാജി, ഒ പി അബ്ദുറഹ്മാൻ എന്നിവരും പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home