മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് ; വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 21, 2024, 12:27 AM | 0 min read


കൊച്ചി
ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വിചാരണക്കോടതിയിലെ രേഖകൾ ഒരുമാസത്തിനകം ഹാജരാക്കാൻ ഹൈക്കോടതിയുടെ നിർദേശം. സുരേന്ദ്രനെ കുറ്റമുക്തനാക്കിയ കാസർകോട് സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച റിവിഷൻ പെറ്റീഷനിലാണ്‌ ജസ്റ്റിസ് കെ ബാബുവിന്റെ നിർദേശം. 

പ്രതിപ്പട്ടികയിൽനിന്ന് സുരേന്ദ്രനെ ഒഴിവാക്കിയത്‌ മതിയായ കാരണങ്ങളില്ലാതെയാണെന്ന് പുനഃപരിശോധനാഹർജിയിൽ സർക്കാർ വ്യക്തമാക്കിയിരുന്നു. പ്രോസിക്യൂഷൻ രേഖകളെക്കാൾ, പ്രതികൾ ഹാജരാക്കിയ രേഖകളാണ് വിചാരണക്കോടതി അവലംബിച്ചത്. വിചാരണയ്ക്കുമുമ്പേ തീർപ്പുകൽപ്പിക്കുന്ന രീതിയുണ്ടായി. പ്രോസിക്യൂഷൻ നൽകിയ തെളിവുകൾ പരിഗണിച്ചില്ല. സർക്കാർ വാദം പരിഗണിച്ച്, വിചാരണക്കോടതി നടപടി സ്റ്റേ ചെയ്ത് വാദം കേൾക്കാൻ സിംഗിൾ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. സർക്കാരിനുവേണ്ടി ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, സ്‌പെഷ്യൽ ഗവ. പ്ലീഡർ പി നാരായണൻ എന്നിവർ ഹാജരായി.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് സുരേന്ദ്രൻ മത്സരിക്കുമ്പോൾ ബിഎസ്‌പിയിലെ കെ സുന്ദരയും പത്രിക നൽകിയിരുന്നു. സുന്ദരയെ തട്ടിക്കൊണ്ടുപോയി നാമനിർദേശപത്രിക പിൻവലിക്കാൻ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കോഴയായി രണ്ടരലക്ഷം രൂപയും സ്മാർട്ട് ഫോണും നൽകി. സുരേന്ദ്രനുപുറമെ ബിജെപി കാസർകോട് മുൻ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്ഠ റായ്, വെെ സുരേഷ്, ലോകേഷ് നോട്ട എന്നിവരാണ് മറ്റു പ്രതികൾ.



deshabhimani section

Related News

View More
0 comments
Sort by

Home