വർഗീയത, പരപുച്ഛം ; ഐഎഎസുകാർക്കെതിരെ 
കണ്ടെത്തിയത്‌ ഗുരുതര ചട്ടലംഘനം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 13, 2024, 12:21 AM | 0 min read



തിരുവനന്തപുരം
ചട്ടവും നിയമവും കാറ്റിൽ പറത്തി തന്നിഷ്ടപ്രകാരം പ്രവർത്തിച്ചാൽ ഏത്‌ ഉന്നതനായാലും ശക്തമായ നടപടി നേരടേണ്ടിവരുമെന്ന മുന്നറിയിപ്പാണ്‌ രണ്ട്‌ ഐഎഎസ്‌ ഉദ്യോഗസ്ഥർക്കെതരായ സസ്‌പെൻഷൻ. വ്യവസായ ഡയറക്ടർ കെ ഗോപാലകൃഷ്ണൻ, കൃഷി വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്‌ എന്നിവരെയാണ്‌ കഴിഞ്ഞ ദിവസം സസ്‌പെൻഡ്‌ ചെയ്തത്‌. ഇരുവർക്കെതിരേയും ഗുരുതരമായ കണ്ടെത്തലാണുള്ളത്‌. മതാടിസ്ഥാനത്തിൽ ചേരിതിരിഞ്ഞ്‌ ഉദ്യോഗസ്ഥ ഗ്രൂപ്പുണ്ടാക്കാനും ഐഎഎസ്‌ കേഡർ സംവിധാനത്തിനകത്ത്‌ സ്പർധ വളർത്താനും ഇടയാക്കുന്ന തരത്തിലുള്ള വാട്‌സാപ്പ്‌ ഗ്രൂപ്പിന്റെ അഡ്‌മിനായി പ്രവർത്തിച്ചുവെന്നാണ്‌ ഗോപാലകൃഷ്ണനെതിരെ കണ്ടെത്തിയിട്ടുള്ളത്‌. പിടിക്കപ്പെടുമെന്നായപ്പോൾ ഫോൺ തന്നെ ഫോർമാറ്റ്‌ ചെയ്ത്‌ മുഴുവൻ ഡാറ്റയും നശിപ്പിച്ചു. ഭരണഘടനാ പ്രകാരം പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥൻ അത്‌ ലംഘിച്ചുവെന്നുമാത്രമല്ല, പൊലീസിനെ കബളിപ്പിക്കാനും ശ്രമിച്ചു.

ഉദ്യോഗസ്ഥതലത്തിൽ ചേരിതിരിവുണ്ടാക്കി പദ്ധതികൾ അട്ടിമറിച്ചും ജനങ്ങളിൽ തെറ്റായ സന്ദേശംപരത്തിയും രാജ്യത്ത്‌ പലഭാഗത്തും വർഗീയ ശക്തികൾ മുതലെടുപ്പ്‌ നടത്തിയിട്ടുണ്ട്‌. എന്നാൽ കേരളത്തിൽ അത്തരം തുരപ്പൻ പണികൾ എളുപ്പമാകില്ലെന്ന്‌ ഉറപ്പിച്ചാണ്‌ സർക്കാർ നടപടി. മുതിർന്ന ഉദ്യോഗസ്ഥനും സർക്കാർ ജീവനക്കാർക്കും  മാനക്കേടുണ്ടാക്കുംവിധമുള്ള അച്ചടക്കലംഘനമാണ്‌ എൻ പ്രശാന്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ്‌ കണ്ടെത്തൽ. മുതിർന്ന ഉദ്യോഗസ്ഥനെതിരായ പരാമർശം മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ചർച്ച ചെയ്യാൻ ഇടയാക്കി. ഭരണസംവിധാനത്തിന്‌ നാണക്കേടുണ്ടാക്കുന്ന പ്രയോഗങ്ങളാണ്‌ പലതും.

സസ്‌പെൻഷൻ 
നടപടിക്രമം പാലിച്ച്‌ : പി രാജീവ്‌
ചട്ടങ്ങൾക്കനുസരിച്ച്‌ പ്രവർത്തിക്കേണ്ടവരാണ്‌ സിവിൽ സർവീസ്‌ ഉദ്യോഗസ്ഥരെന്നും അതിൽനിന്ന്‌ വ്യതിചലിച്ചാൽ ശക്തമായ നടപടി സർക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാകുമെന്നും മന്ത്രി പി രാജീവ്‌ പറഞ്ഞു. ചട്ടപ്രകാരമാണ്‌ കെ ഗോപാലകൃഷ്ണനെയും എൻ പ്രശാന്തിനെയും ​സസ്പെൻഡ്‌ ചെയ്തത്‌. നിയമപരമായി സ്വീകരിക്കേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. സീപ്ലെയിനുമായി ബന്ധപ്പെട്ടുള്ള ആശങ്ക ചർച്ചയിലൂടെ പരിഹരിക്കും. എതിർപ്പിന്റെപേരിൽ പദ്ധതി ഉപേക്ഷിക്കലല്ല പരിഹാരമെന്നും മന്ത്രി പറഞ്ഞു.

സസ്പെൻഷൻ 
‘വാറോല’യെന്ന്‌ 
പ്രശാന്ത്‌
അഡീഷണൽ ചീഫ്‌ സെക്രട്ടറിക്കെതിരെ പരസ്യമായി പ്രതികരിച്ചതിന്‌ സർക്കാർ നടപടിയെടുത്തതിനെ പരിഹസിച്ച്‌  കൃഷിവകുപ്പ്‌ മുൻ സ്പെഷ്യൽ സെക്രട്ടറി എൻ പ്രശാന്ത്‌. ‘വാറോല’യെന്നാണ്‌ പ്രശാന്ത്‌ സസ്പെൻഷനെ വിശേഷിപ്പിച്ചത്‌. ‘ജീവിതത്തിൽ ആദ്യമായാണ്‌ സസ്പെഷൻ ലഭിക്കുന്നത്‌. ബോധപൂർവം ചട്ടങ്ങൾ ലംഘിച്ചിട്ടില്ല. മലയാളത്തിൽ പല പ്രയോഗങ്ങളുണ്ട്‌. അത്‌ ഭാഷാപരമാണ്‌. എല്ലാവരെയും സുഖിപ്പിച്ച്‌ സംസാരിക്കണമെന്ന്‌ ഭരണഘടന പറയുന്നില്ല. സത്യസന്ധമായി സംസാരിക്കാൻ ഭരണഘടന നൽകുന്ന അവകാശമുണ്ടെന്നാണ്‌ വിശ്വസിക്കുന്നത്‌. വാറോല കൈപ്പറ്റിയശേഷം കൂടുതൽ പ്രതികരിക്കാം’–- പ്രശാന്ത്‌ പരിഹസിച്ചു

 



deshabhimani section

Related News

View More
0 comments
Sort by

Home