സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഫോടനം; യുവതിയുടെ കൈവിരലുകൾ ചിന്നിച്ചിതറി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 11, 2024, 12:11 PM | 0 min read

കാസർകോട്  > കാസർകോട് ജില്ലയിലെ രാജപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ഉഗ്രസ്ഫോടനം. സ്ഫോടനത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. പനത്തടി ഓട്ടമാളത്തെ സുകുമാരന്റെ ഭാര്യ സി വാസന്തി(42)ക്കാണ് പരിക്കേറ്റത്. ഇടതു കൈയുടെ രണ്ട് വിരലുകൾ ചിന്നി തെറിച്ചു. ഒരു കൈ പാടെ ചിതറിയ അവസ്ഥയിലാണ്. വലതു കൈക്കും സാരമായ പരിക്കുണ്ട്. വലതുകാലിനും മുഖത്തും പൊട്ടിത്തെറിയിൽ പരിക്കേറ്റു. വാസന്തിയെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിതറി തെറിച്ച വിരലുകൾ തുന്നിചേർക്കാനുള്ള ശ്രമം വിഫലമായെന്നാണ് വിവരം.

ഇന്നലെ യുവതി ബളാന്തോട് അടുക്കത്തെ കവുങ്ങും തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്. മാലക്കല്ല് സ്വദേശിയുടെ  ഉടമസ്ഥയിലുള്ളതാണ് പറമ്പ്. വാസന്തിയും മറ്റൊരു യുവതിയുമാണ് ജോലിയിലുണ്ടായിരുന്നത്. പറമ്പിൽ നിന്നും ചാണകം മാറ്റുന്നതിനിടെ കണ്ട സ്റ്റീൽ കൊണ്ട് ഉണ്ടാക്കിയ വസ്തു കയ്യിലെടുത്ത് പരിശോധിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. തോട്ടത്തിലെ പുല്ലുകൾക്കിടയിലായിരുന്നു ഇത് കണ്ടത്. നീല നിറത്തിലുള്ള വസ്തു അത്യുഗശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. ഒന്നര ഇഞ്ച് നീളവും മൂന്ന് വിരലുകൾ കൂട്ടിച്ചേർന്നാലുണ്ടാകുന്ന ഉയരവുമാണ് ഉണ്ടായിരുന്നതെന്ന് വാസന്തി പറഞ്ഞതായി ഭർത്താവ് പറഞ്ഞു. സ്റ്റീൽ ബോംബാണ് പൊട്ടിത്തെറിച്ചതെന്നാണ് കരുതുന്നത്. യുവതിയെ രണ്ട് അടിയന്തിര ശസ്ത്രക്രിയകൾക്ക് വിധേയയാക്കി. സംഭവത്തിൽ രാജപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home