മുനമ്പം, ശബരിമല: വിഷംചീറ്റി കേന്ദ്രമന്ത്രിയും ബിജെപി നേതാക്കളും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2024, 10:43 PM | 0 min read

കോഴിക്കോട്‌> ശബരിമല, മുനമ്പം വിഷയമുയർത്തി വർഗീയ വിദ്വേഷ പ്രചാരണവുമായി ബിജെപി. ഉപതെരഞ്ഞെടുപ്പിൽ വോട്ടുതട്ടാനാണ്‌ കേന്ദ്രമന്ത്രിമാരടക്കമുള്ള ബിജെപി നേതാക്കളുടെ വിഷംചീറ്റൽ. വോട്ടർമാരിൽ സാമുദായിക ചേരിതിരിവും മത സ്പർധയും വളർത്താൻ കേന്ദ്രമന്ത്രിമാരടക്കം പ്രചാരണം നടത്തുന്നത്‌ തെരഞ്ഞെടുപ്പ്‌ ചട്ടങ്ങളുടെയും നിയമങ്ങളുടെയും ലംഘനവുമാണ്‌.

ഹിന്ദു- ക്രിസ്‌ത്യൻ ധ്രുവീകരണം, മുസ്ലിം വിരോധം എന്നിവ ലക്ഷ്യമിട്ടാണ്‌ പ്രസംഗങ്ങൾ. വീടുകൾ കയറി ബിജെപി– ആർഎസ്‌എസ്‌ പ്രവർത്തകരും ഇക്കാര്യങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്‌. കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി വയനാട്‌ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിൽ മുനമ്പത്തെ മറയാക്കി വിഷം ചീറ്റി. ബിജെപി സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ അഡ്വ. ബി ഗോപാലകൃഷ്‌ണനും വിദ്വേഷപ്രസംഗം നടത്തി.

വഖഫ്‌ ബോർഡിനെ കിരാതമെന്നാണ്‌ സുരേഷ്‌ ഗോപി വിശേഷിപ്പിച്ചത്‌.  ‘‘ഒരു ബോർഡ് പ്രവർത്തിക്കുന്നുണ്ട്, അതിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല നാല് ആംഗലേയ ഭാഷയിൽ ഒതുങ്ങുന്ന ഒരു കിരാതമുണ്ട്'' എന്നാണ്‌ വയനാട്ടിലെ വിവിധയോഗങ്ങളിൽ പറഞ്ഞത്‌. മുനമ്പത്തെ സുഖിപ്പിച്ച്‌ ഒന്നും നേടേണ്ടെന്നും അമിത് ഷാ അയച്ച ഒരു വീഡിയോ ഇവിടെ പ്രചരിപ്പിക്കുമെന്നും ഭീഷണിസ്വരത്തിൽ പറഞ്ഞു.   

ബിജെപി നേതാവ്‌ ഗോപാലകൃഷ്‌ണൻ മുനമ്പത്തെ ശബരിമലയോട്‌ ചേർത്തുവച്ചാണ്‌ യോഗങ്ങളിൽ അവതരിപ്പിച്ചത്‌. ‘‘ശബരിമല അയ്യപ്പന്റെ ഭൂമി നാളെ വഖഫ് ആണെന്ന് പറയില്ലേ, വാവര് ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാൽ നാളെ ശബരിമല വഖഫിന്റേതാകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ?  ക്രിസ്ത്യാനികളുടെ പ്രധാന സ്ഥലമല്ലേ വേളാങ്കണ്ണി. നാളെ അത്‌ വഖഫ് ഭൂമിയാണെന്ന് പറഞ്ഞാൽ കൊടുക്കണോ? കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്''– എന്നായിരുന്നു ഗോപാലകൃഷ്ണന്റെ പരാമർശം.



deshabhimani section

Related News

View More
0 comments
Sort by

Home