താൽക്കാലിക വൈസ് ചാൻസലർക്ക് തിരിച്ചടി; കലിക്കറ്റിലെ സ്ഥലമാറ്റം മരവിപ്പിക്കാൻ നിർദേശം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 05, 2024, 09:58 AM | 0 min read

തേഞ്ഞിപ്പലം > തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ കലിക്കറ്റ്‌ സർവകലാശാലയിൽ നടത്തിയ സ്ഥലമാറ്റം മരവിപ്പിക്കാൻ ചാൻസലർ നിർദേശം നൽകി. താൽക്കാലിക വൈസ്‌ ചാൻസലറുടെ നീക്കങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണ്‌ ചാൻസലറുടെ നിർദേശം. കലിക്കറ്റ് സർവകലാശാലാ ലീഗൽ സെല്ലിലെയും വിദ്യാർഥി ക്ഷേമ വിഭാഗത്തിലെയും സെക്ഷൻ ഓഫീസർമാരെ സ്ഥലംമാറ്റിയ നടപടി മരവിപ്പിക്കാനാണ്‌ ഉത്തരവിട്ടത്. ജില്ലാ ഇലക്ഷൻ ഓഫീസർകൂടിയ കലക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എം സി വിനോദ്, കെ ഷമീം എന്നിവർക്ക് പകരം മുസ്ലിംലീഗ് അനുകൂല സംഘടനയായ സോളിഡാരിറ്റിയുടെ വൈസ്‌ പ്രസിഡന്റ്‌ കെ ആദം മാലിക് സലീം മുഹമ്മദിനെയും കോൺഗ്രസ് അനുകൂല സംഘടനയായ സ്റ്റാഫ് ഓർഗനൈസേഷൻ മുൻ ജനറൽ സെക്രട്ടറി കെ സുരേഷ് കുമാറിനെയുമാണ് നിയമിച്ചത്.

വൈസ് ചാൻസലർ നേരിട്ട് ഇടപെട്ട്‌ രജിസ്ട്രാർക്ക് ഫയൽ നൽകാതെ രാത്രിയിലാണ്‌ സ്ഥലമാറ്റ ഉത്തരവ് പുറത്തിറക്കിയത്‌. ഞായറാഴ്ച രാത്രി നടപടി മരവിപ്പിക്കാനുള്ള നിർദേശം ചാൻസലറിൽനിന്ന്‌ താൽക്കാലിക വൈസ് ചാൻസലർ ഡോ. പി രവീന്ദ്രന് രേഖാമൂലം ലഭിച്ചു.
നിർദേശത്തിൽ കടുത്ത അതൃപ്തി പ്രകടിപ്പിക്കുംവിധമാണ് രജിസ്ട്രാർക്ക് വൈസ് ചാൻസലർ അയച്ച ഇ മെയിൽ. ഒക്ടോബർ 15മുതൽ നടത്തിയ ജീവനക്കാരുടെ ട്രാൻസ്‌ഫറുകളും പ്രമോഷനും തടയാനും എല്ലാ അഭിമുഖങ്ങളും റദ്ദാക്കാനുമാണ് വൈസ് ചാൻസലർ ഉത്തരവിട്ടത്. തെരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാണിച്ച്  കലക്‌ടർ സർവകലാശാലക്കും കത്ത് നൽകിയിരുന്നു.

സ്ഥലംമാറ്റങ്ങൾ ഭരണപരമായ സൗകര്യം പരിഗണിച്ചുള്ള ക്രമീകരണമാണെന്നും മാതൃകാ പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമല്ലെന്നും കലക്ടർക്ക് നൽകിയ മറുപടിയിൽ വൈസ് ചാൻസലറുടെ പ്രൈവറ്റ് സെക്രട്ടറി കെ ടി റിലേഷ് പറഞ്ഞിരുന്നു. സർവകലാശാലയുടെ മറുപടി ചാൻസലർതന്നെ തള്ളുന്ന അവസ്ഥയാണ്‌ ഉണ്ടായിരിക്കുന്നത്. സ്ഥലംമാറ്റത്തിനെതിരെ ഇടതുപക്ഷ സിൻഡിക്കറ്റംഗങ്ങൾ അതൃപ്തി അറിയിച്ചിരുന്നു. എംപ്ലോയീസ് യൂണിയൻ ഇതിനെതിരെ പ്രക്ഷോഭത്തിലുമാണ്. തിങ്കളാഴ്ച എംപ്ലോയീസ് യൂണിയൻ നേതൃത്വത്തിൽ വിശദീകരണ യോഗം നടന്നു. വിനോദ് എൻ നീക്കാംപുറത്ത് ഉദ്ഘാടനംചെയ്തു. ടി ശബീഷ് അധ്യക്ഷനായി. വി എസ് നിഖിൽ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home