തദ്ദേശവാർഡ്‌ വിഭജനം : ഡിജിറ്റൽ ഭൂപടമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 04, 2024, 11:12 PM | 0 min read



തിരുവനന്തപുരം
പുനർവിഭജനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തദ്ദേശസ്ഥാപന വാർഡുകളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കൽ നടപടികൾ പൂർത്തിയായി. ഡിജിറ്റൽ ഭൂപടവും അതിർത്തികൾ സംബന്ധിച്ച വിശദ വിവരങ്ങളും നിർദ്ദിഷ്‌ട വാർഡിലെ ജനസംഖ്യയും അടങ്ങുന്ന റിപ്പോർട്ട്‌ രണ്ടു ദിവസത്തിനകം കലക്‌ടർമാർ ഡീ ലിമിറ്റേഷൻ കമീഷന്‌ സമർപ്പിക്കും. ചൊവ്വാഴ്‌ച റിപ്പോർട്ട്‌ സമർപ്പിക്കണമെന്നായിരുന്നു നിർദേശം. തദ്ദേശ സെക്രട്ടറിമാർ കലക്‌ടർമാർക്ക്‌ സമർപ്പിച്ച റിപ്പോർട്ടിൽ തിരുത്തലുകൾ വേണ്ടവയ്‌ക്കുള്ള സമയംകൂടി കണക്കാക്കിയാണ്‌ നീട്ടിനൽകിയത്‌.

പുതുക്കി നിർണയിച്ച വാർഡുകളുടെ അതിർത്തിയടക്കമുള്ളവയിൽ കമീഷന്റെ നിർദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന്‌ പരിശോധിച്ച്‌ ഉറപ്പുവരുത്തേണ്ടത്‌ കലക്‌ടർമാരാണ്‌. പഞ്ചായത്തിലെ നിലവിലെ അടിസ്ഥാന വിവരങ്ങൾ, പുതിയതായി രൂപീകരിച്ച വാർഡുകളുടെ അതിർത്തികളും ജനസംഖ്യയും രേഖപ്പെടുത്തിയ പട്ടിക, കരട്‌ ഡിജിറ്റൽ ഭൂപടത്തിന്റെ പ്രിന്റൗട്ട്‌ തുടങ്ങിയവയാണ്‌ തദ്ദേശ സെക്രട്ടറിമാരുടെ റിപ്പോർട്ടിലുള്ളത്‌. ഇവയിൽ വ്യക്‌തത വരുത്തി കലക്‌ടർമാർ സമർപ്പിക്കുന്ന റിപ്പോർട്ട്‌ പരിശോധിച്ച്‌ ഡീ ലിമിറ്റേഷൻ കമീഷൻ 16ന്‌ കരട്‌ വിജ്ഞാപനം പുറപ്പെടുവിക്കും. തദ്ദേശ സ്ഥാപനങ്ങളിലും കമീഷൻ വെബ്‌സൈറ്റിലുമാണ്‌ പ്രസിദ്ധീകരിക്കുക.

പൊതുജനങ്ങൾക്ക്‌ നിശ്ചിത തുക ഒടുക്കിയാൽ പകർപ്പ്‌ ലഭിക്കും. ആക്ഷേപങ്ങളും നിർദേശങ്ങളും 15 ദിവസത്തിനകം ഡീ ലിമിറ്റേഷൻ സെക്രട്ടറിക്കോ കലക്‌ടർമാർക്കോ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം. ഇത്‌ പരിശോധിച്ച്‌ ഡീ ലിമിറ്റേഷൻ കമീഷണർ നേരിട്ട്‌ സിറ്റിങ്‌ നടത്തിയശേഷമേ അന്തിമ വിജ്ഞാപനമുണ്ടാകൂ. 941 പഞ്ചായത്തുകളിലെ 17,337 വാർഡുകളുടെയും 87 നഗരസഭകളിലെ  3,241 വാർഡുകളുടെയും ആറ് കോർപറേഷനുകളിലെ 421 വാർഡുകളുടെയും പുനർവിഭജനപ്രക്രിയയാണ് ആദ്യഘട്ടത്തിൽ നടക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home