എസ്എസ്എൽസി പരീക്ഷ ; സവിശേഷ സഹായം 
തേടുന്നവരുടെ എണ്ണത്തിൽ വർധന

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 03, 2024, 02:21 AM | 0 min read


തിരുവനന്തപുരം
എസ്എസ്എൽസി പരീക്ഷയെഴുതാൻ സവിശേഷ സഹായം തേടുന്ന വിദ്യാർഥികളുടെ എണ്ണം ഓരോ വർഷവും വർധിക്കുന്നെന്ന് കണക്കുകൾ. കഴിഞ്ഞവർഷം 26,518 വിദ്യാർഥികൾക്കാണ്‌ സവിശേഷസഹായം ലഭ്യമായത്‌. കഴിഞ്ഞ വർഷം കൂടുതൽ പരീക്ഷാർഥികൾ സഹായംനേടിയ വിദ്യാഭ്യാസ ജില്ലയും റവന്യൂ ജില്ലയും മലപ്പുറമാണ്. കുറവ് പത്തനംതിട്ടയും.

2023ൽ- 21,452 പേരും 2022ൽ 17,534 പേരും ആനുകൂല്യം നേടി. യഥാക്രമം 13,566, 13,294 എന്നിങ്ങനെയാണ്‌ 2021ലെയും 2020ലെയും കണക്കുകൾ. പരീക്ഷാർഥികളുടെ എണ്ണത്തിലുണ്ടായ വർധന ഗൗരവമായാണ് പൊതുവിദ്യാഭ്യാസ വകുപ്പ് കാണുന്നത്. സവിശേഷ പരിഗണന വേണ്ടവർക്ക് അത്‌ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെങ്കിലും അനാരോഗ്യ പ്രവണതകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന്‌ അധികൃതർ ചൂണ്ടിക്കാട്ടുന്നു.

സ്‌ക്രൈബിന്റെ സേവനം, ഇന്റർപ്രെട്ടറുടെ സേവനം, അധിക സമയം, ഗ്രാഫ്, ഡയഗ്രം എന്നിവയുൾപ്പെടുന്ന ചോദ്യങ്ങളിൽനിന്ന് ഒഴിവാക്കൽ, എഴുതിനേടുന്ന മാർക്കിന്റെ 25 ശതമാനം ഗ്രേസ് മാർക്ക് എന്നിവയാണ് സവിശേഷ സഹായം. ശ്രവണ വൈകല്യം, കാഴ്ചവൈകല്യം, അസ്ഥി വൈകല്യം, ബൗദ്ധിക വെല്ലുവിളി എന്നിവയുള്ളവർക്കാണ്‌ മുമ്പ്‌ സഹായം അനുവദിച്ചിരുന്നത്. പിന്നീട് പഠന വൈകല്യം, ഹീമോഫീലിയ എന്നിവയുള്ള കുട്ടികളെക്കൂടി പരിഗണിച്ചു. ‘റൈറ്റ്‌സ് ഓഫ് പേഴ്‌സൺസ് വിത്ത് ഡിസെബിലിറ്റീസ് ആക്ട് 2016’ൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളോട് വിവേചനം പാടില്ലെന്ന്‌ നിഷ്‌കർഷിച്ചിട്ടുള്ളതിനാൽ ഇതിലുൾപ്പെടുത്തിയിട്ടുള്ള 21 തരം ഭിന്നശേഷിക്കാർക്കും സഹായം  ലഭിക്കുന്നുണ്ട്‌. നിലവിൽ മെഡിക്കൽ ബോർഡ്‌ സർട്ടിഫിക്കറ്റ്‌, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയ മാർഗരേഖയിലെ അനുബന്ധങ്ങൾ എന്നിവ പരിശോധിച്ചാണ് സഹായം നൽകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home