എഴുത്തച്ഛൻ പുരസ്‌കാരം എൻ എസ്‌ മാധവന്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 11:30 PM | 0 min read


കോട്ടയം
ജീവിതയാഥാർഥ്യങ്ങളെ ഹൃദയസ്‌പർശിയായ സാഹിത്യസൃഷ്ടികളാക്കി മാറ്റിയ എഴുത്തുകാരൻ എൻ എസ് മാധവന് സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണിത്‌.  എസ് കെ വസന്തൻ ചെയർമാനും ഡോ. ടി കെ നാരായണൻ, ഡോ. മ്യൂസ് മേരി ജോർജ് എന്നിവർ അംഗങ്ങളായും സി പി അബൂബക്കർ മെമ്പർ സെക്രട്ടറിയുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. മന്ത്രി സജി ചെറിയാൻ കോട്ടയത്ത്‌ പുരസ്‌കാരം പ്രഖ്യാപിച്ചു.  

മലയാള ചെറുകഥാ സാഹിത്യത്തിന്റെ വളർച്ചയിൽ അനന്യമായ സ്ഥാനമാണ്‌ എൻ എസ്‌ മാധവനുള്ളതെന്ന്‌ മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെറുകഥ എന്ന സാഹിത്യശിൽപത്തിന് കരുത്തും കാമ്പും നൽകുന്നതിൽ എൻ എസ് മാധവൻ നൽകിയ സംഭാവന നിസ്സീമമാണെന്ന്‌ ജൂറി വിലയിരുത്തി. 

എറണാകുളത്ത് 1948-ൽ ജനിച്ച എൻ എസ് മാധവൻ മഹാരാജാസ് കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, കേരള സർവകലാശാല എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കി. 1975-ൽ ഐഎഎസ് ലഭിച്ചു. ധനവകുപ്പിൽ സ്പെഷൽ സെക്രട്ടറിയായിരുന്നു. കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം, പത്മപ്രഭ പുരസ്‌കാരം, മുട്ടത്തുവർക്കി പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്‌. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ(നോവൽ), ചുളൈമേട്ടിലെ ശവങ്ങൾ, തിരുത്ത്, നിലവിളി, ഹിഗ്വിറ്റ, പഞ്ചകന്യകകൾ, ഭീമച്ചൻ (ചെറുകഥാ സമാഹാരങ്ങൾ) എന്നിവയാണ്‌ പ്രധാന കൃതികൾ.   കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി പി അബൂബക്കറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home