പ്രശ്നങ്ങൾ നീതിപൂർവവും പക്ഷപാതിത്വ രഹിതമായും പരിഹരിക്കണം: മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 23, 2024, 02:27 AM | 0 min read


തിരുവനന്തപുരം
റവന്യൂവകുപ്പിന്റെ പ്രവർത്തനങ്ങളെ കൂടുതൽ ജനോന്മുഖമാക്കിത്തീർക്കാൻ "എന്റെ ഭൂമി' സമഗ്ര ഭൂവിവര ഡിജിറ്റൽ സംവിധാനം ഉപകാരപ്രദമാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. എന്റെ ഭൂമി സംയോജിത പോർട്ടൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരും ജനങ്ങളും തമ്മിലുള്ള ഇഴയടുപ്പം വർധിപ്പിക്കാനാവശ്യമായ നടപടികളാണ്‌ സർക്കാർ സ്വീകരിക്കുന്നത്‌. പല വികസിത രാജ്യങ്ങളിലുമില്ലാത്ത ഡിജിറ്റൽ സംവിധാനം യാഥാർഥ്യമാക്കുന്നതിലേക്ക്‌ കേരളം നീങ്ങുകയാണ്‌. എന്റെ ഭൂമി പോർട്ടൽ പൂർത്തീകരിക്കുന്നതോടെ കൈവശാവകാശ തർക്കം, അതിർത്തി തർക്കം തുടങ്ങി ഭൂമി സംബന്ധമായ പ്രശ്‌നങ്ങൾക്ക്‌ പരിഹാരമാകും. ഓരോ സർക്കാർ വകുപ്പും ജനങ്ങളുടെ പ്രശ്നങ്ങളാണ്‌ കൈാര്യം ചെയ്യുന്നത്‌. അത്‌ നീതിപൂർവവും പക്ഷപാതിത്വ രഹിതമായും പരിഹരിച്ചുകൊടുക്കുകയാണ്‌ ചുമതല.  ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതല ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ഇടപെട്ട്‌ തീരുമാനമെടുക്കാൻ ഉപയോഗപ്പെടുത്തണം. എല്ലാവർക്കും ഭൂമി, രേഖ, സ്മാർട്ട്‌ സേവനം എന്നിവ ലക്ഷ്യമിട്ടാണ്‌ സർക്കാർ ഡിജിറ്റൽ സർവേ പദ്ധതിക്ക്‌ തുടക്കമിട്ടത്‌. 212 വില്ലേജിലായി 480000 ഹെക്ടർ ഭൂമിയുടെ സർവേ ഇതിനകം പൂർത്തിയാക്കി. രാജ്യത്ത്‌ ഈ രംഗത്ത്‌ ഇത്രയധികം പുരോഗതി കൈവരിച്ച ഏക സംസ്ഥാനമാണ്‌ കേരളം.
ലോകമെങ്ങുമുള്ള കേരളീയർക്ക്‌ പ്രയോജനപ്പെടും വിധത്തിൽ റവന്യൂ സേവനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്‌. റവന്യൂവകുപ്പിന്റെ വെബ്‌പോർട്ടൽ സേവനം പത്ത്‌ രാജ്യങ്ങളിൽ ഇതിനകം ലഭ്യമാണ്‌. വൈകാതെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ രാജൻ അധ്യക്ഷനായി. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ കൃഷ്‌ണൻകുട്ടി, ജി ആർ അനിൽ, എംഎൽഎമാരായ വി കെ പ്രശാന്ത്‌, ആന്റണി രാജു, ചീഫ്‌ സെക്രട്ടറി ശാരദ മുരളീധരൻ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി സുരേഷ്‌കുമാർ, റവന്യൂവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home