സ്‌മരണകളിരമ്പും രണഭൂമി... പുന്നപ്ര- വയലാർ സമരത്തിന്‌ 78

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 20, 2024, 02:34 AM | 0 min read

ആലപ്പുഴ > നാടിൻ മോചന രണാങ്കണത്തിൽ ജീവൻ അർപ്പിച്ച ധീരരുടെ സ്‌മരണകളിരമ്പുന്ന 78–-ാമത്‌ പുന്നപ്ര–-വയലാർ രക്തസാക്ഷിവാരാചരണത്തിന്‌ വിപ്ലവഭൂമിയിൽ ഞായറാഴ്‌ച തുടക്കമാകും. ദിവാൻഭരണത്തിനും രാജവാഴ്‌ചയ്‌ക്കുമെതിരെയും പ്രായപൂർത്തി വോട്ടവകാശത്തിനുവേണ്ടിയും അമ്പലപ്പുഴ, ചേർത്തല താലൂക്കിലെ തൊഴിലാളികൾ നടത്തിയ ഐതിഹാസികമായ പോരാട്ടസ്‌മരണയിൽ ജില്ലയാകെ ചുവന്നുതുടുക്കും. വാരാചരണക്കമ്മിറ്റികളുടെ നേതൃത്വത്തിൽ  വിവിധ പരിപാടികൾ നടക്കും. പുന്നപ്രയിലും മാരാരിക്കുളത്തും മേനാശേരിയിലും വയലാറിലും സർ സിപിയുടെ ചോറ്റുപട്ടാളത്തോടേറ്റുമുട്ടി രക്‌തസാക്ഷിത്വം വരിച്ച അമരസഖാക്കളുടെ സ്‌മരണപുതുക്കും. 

സി എച്ച്‌ കണാരൻ ദിനമായ 20 മുതൽ വയലാർ ദിനമായ 27 വരെയാണ്‌ വാരാചരണം. തുടക്കംകുറിച്ച്‌ പുന്നപ്ര–-വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമംകൊള്ളുന്ന വലിയചുടുകാട്‌ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര രക്തസാക്ഷി മണ്ഡപത്തിനുമുന്നിലും മാരാരിക്കുളം രക്തസാക്ഷി മണ്ഡപത്തിലും ഞായറാഴ്‌ച ചെങ്കൊടി ഉയരും. വൈകിട്ട്‌ അഞ്ചിന്‌ വലിയചുടുകാട്ടിൽ പി കെ മേദിനിയും പുന്നപ്രയിൽ വാരാചരണക്കമ്മിറ്റി പ്രസിഡന്റ്‌ ഇ കെ ജയനും വൈകിട്ട്‌ ആറിന്‌ മാരാരിക്കുളത്ത്‌ സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസറും പതാക ഉയർത്തും. വയലാറിൽ 21നാണ്‌ പതാക ഉയരുക. ഞായറാഴ്‌ച മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽനിന്ന്‌ സിപിഐ എം സംസ്ഥാന കമ്മിറ്റയംഗം സി ബി ചന്ദ്രബാബു പതാക എം കെ ഉത്തമന്‌ കൈമാറും. ജാഥയായി തിങ്കളാഴ്‌ച വയലാറിലെത്തും. സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ പതാക ഉയർത്തും.
 
തൊഴിലവകാശങ്ങൾക്കൊപ്പം രാഷ്‌ട്രീയ മുദ്രാവാക്യവുമുയർത്തി തൊഴിലാളികൾ നടത്തിയ ധീരോദാത്തമായ പോരാട്ടസ്‌മരണകൾ ജില്ലയാകെ അലയടിക്കും. സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യമുയർത്തി ആധുനിക കേരളത്തിന്‌ രാഷ്‌ട്രീയ അടിത്തറപാകിയ സമരസ്‌മരണകളിൽ പിന്മുറക്കാരാകെ അണിനിരക്കും. പിറന്നമണ്ണിൽ മനുഷ്യനായി ജീവിക്കാനുള്ള പോരാട്ടത്തിൽ ‘അമേരിക്കൻ മോഡൽ അറബിക്കടലിൽ’ എന്ന മുദ്രാവാക്യമുയർത്തി യന്ത്രത്തോക്കിനോടേറ്റുമുട്ടിയ പുന്നപ്രയിലെ രണധീരരെ സമരഭൂമിയിൽ 23ന്‌ സ്‌മരിക്കും. 13കാരനായ രക്തസാക്ഷി അനഘാശയന്റെ സ്‌മരണകൾ അലയടിക്കുന്ന മേനാശേരിയിൽ 25നും 26ന്‌ മാരാരിക്കുളത്തും 27ന്‌ വയലാറിലും സ്‌മരിക്കും. 
 
സിപിഐ എം, സിപിഐ നേതൃത്വത്തിൽ രൂപീകരിച്ച വാരാചരണക്കമ്മിറ്റികളാണ്‌ പരിപാടികൾ സംഘടിപ്പിക്കുന്നത്‌. ഇരുകമ്യൂണിസ്‌റ്റു പാർട്ടികളുടെയും സമുന്നത നേതാക്കളാണ്‌ പരിപാടിയിൽ പങ്കെടുക്കുക. പതാക–-കൊടിമര ജാഥകൾ, പതാക ഉയർത്തൽ, ദീപശിഖ റിലേ, രക്തസാക്ഷി മണ്ഡപങ്ങളിൽ പുഷ്‌പാർച്ചന, അനുസ്‌മരണ സമ്മേളനങ്ങൾ തുടങ്ങിയ പരിപാടികൾ സമരകേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.  
23ന്‌ വൈകിട്ട്‌ ആറിന്‌ പുന്നപ്ര സമരഭൂമിയിൽ ചേരുന്ന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്യും. 25നാണ്‌ മേനാശേരിദിനം. 26ന്‌ മാരാരിക്കുളം പൊലീസ്‌ സ്‌റ്റേഷനു സമീപം  ചേരുന്ന അനുസ്‌മരണ സമ്മേളനം സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്‌ഘാടനംചെയ്യും. വയലാർദിനമായ 27ന്‌ രാവിലെ വലിയചുടുകാട്‌, മേനാശേരി എന്നിവിടങ്ങളിൽനിന്ന്‌ -ദീപശിഖാറിലേ നടക്കും. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും കവിസമ്മേളനവും തുടർന്ന്‌ പൊതുസമ്മേളനവും നടക്കും.


deshabhimani section

Related News

View More
0 comments
Sort by

Home