കാഞ്ഞിരത്തിൽ 
നിന്ന്‌ 
മധുരനാരങ്ങയോ ; സതീശന്റെ ധാർഷ്ട്യത്തിന്‌ 
സഭയിൽ മറുപടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 02:46 AM | 0 min read


തിരുവനന്തപുരം
പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ അഹങ്കാരവും ധാർഷ്ട്യവും കൈവിട്ട്‌ ക്രിയാത്മക പ്രതിപക്ഷമായി മാറണമെന്ന്‌ ഓർമപ്പെടുത്തി നിയമസഭയിലെ ചർച്ച. അടിയന്തര പ്രമേയ ചർച്ചയ്‌ക്കിടെയാണ്‌ ഭരണപക്ഷാംഗങ്ങൾ സതീശനോട്‌ അഭ്യർഥന മുന്നോട്ടുവെച്ചത്‌. സതീശൻ മറ്റെല്ലാവരോടും പരമപുച്ഛത്തോടെയാണ്‌ സഭയിൽ പെരുമാറുന്നതെന്ന്‌ ഒറ്റപ്പാലം അംഗമായ കെ പ്രേംകുമാറാണ്‌ ആദ്യം പറഞ്ഞത്‌. കേരളം ഇന്നുവരെ കണ്ട ഏറ്റവും ധാർഷ്ട്യമുള്ള നേതാവായി സതീശൻ മാറി. മന്ത്രിമാർ എഴുന്നേറ്റ്‌ നിന്നാൽ പോലും വഴങ്ങാൻ അദ്ദേഹം തയ്യാറാകുന്നില്ല, അദ്ദേഹത്തിന്‌ പ്രത്യേക രീതിയുണ്ടെന്ന്‌ വരുത്താനാണ്‌ ശ്രമം. തന്നേക്കാൾ യോഗ്യതയുള്ള ആരുമില്ലെന്നാണ്‌ കരുതുന്നത്‌. അദ്ദേഹം വിദ്യാർഥിയായിരുന്ന സമയത്ത്‌ മുഖ്യമന്ത്രിയായിരുന്ന എ കെ ആന്റണി ഒരു വാർത്താസമ്മേളനത്തിൽ സതീശനെ തിരുത്താൻ നോക്കിയപ്പോൾ ധാർഷ്ട്യത്തോടെ മൈക്ക്‌ ചേർത്തുപിടിച്ച്‌ മറുപടി പറഞ്ഞതും ആന്റണി വേദനയോടെ എഴുന്നേറ്റ്‌ പോയതും കേരളം കണ്ടു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്‌ സമയത്ത്‌ എൽഡിഎഫ്‌ സ്ഥാനാർഥിയുടെ വ്യാജ അശ്ലീല വീഡിയോ കോൺഗ്രസുകാർ പ്രചരിപ്പിച്ചു. ഇത്തരം വീഡിയോ കിട്ടിയാൽ പ്രചരിപ്പിക്കാത്തത്‌ ആരാണെന്ന്‌ ചോദിച്ചതും സ്ത്രീവിരുദ്ധത ഉള്ളിൽ കൊണ്ടുനടക്കുന്നതുമാണ്‌ പ്രതിപക്ഷ നേതാവിന്റെ സർഗാത്മകതയെന്നും പ്രേംകുമാർ പറഞ്ഞു.

പിന്നാലെ വന്ന എം രാജഗോപാൽ ബാക്കികൂടി പറഞ്ഞതോടെ സതീശൻ ഇരുന്നുപോയി. കാഞ്ഞിരമരത്തിൽ നിന്ന്‌ മധുരനാരങ്ങ പ്രതീക്ഷിക്കാനാകില്ലെന്നായിരുന്നു രാജഗോപാൽ സതീശനെ വിശേഷിപ്പിച്ചത്‌. എല്ലാവരോടും പുഛമാണ്‌. എല്ലാമറിയാമെന്ന്‌ നടിക്കുന്ന  പ്രജ്ഞാമാനിയാണ്‌ സതീശനെന്ന്‌ അദ്ദേഹം  മഹാഭാരതമുദ്ധരിച്ച് വിശേഷിപ്പിച്ചു. പ്രതിപക്ഷ നേതാവെന്ന നിലയിൽ സഹപ്രവർത്തകരോട്‌ എങ്ങിനെ പെരുമാറണമെന്ന്‌ രമേശ്‌ ചെന്നിത്തലയിൽ നിന്നെങ്കിലും പഠിക്കാൻ സതീശൻ തയ്യാറാകണമെന്നും സതീശനോട്‌ പറഞ്ഞു.

തന്റെ പെരുമാറ്റ രീതിയോടുള്ള വിമർശനത്തെ ഉൾക്കൊള്ളാൻ തയ്യാറല്ലെന്ന പ്രഖ്യാപനമായിരുന്നു സതീശന്റെ മറുപടി. അത്‌ തന്നെ ഉദ്ദേശിച്ചല്ലെന്നും മറ്റാരെയൊ ആവാം പറഞ്ഞതെന്നും പറഞ്ഞ്‌ സ്വയം സമാധാനിപ്പിക്കാനായിരുന്നു സതീശന്റെ ശ്രമം.



deshabhimani section

Related News

View More
0 comments
Sort by

Home