മുംബൈ പൊലീസ്‌ ചമഞ്ഞ്‌ തട്ടിപ്പ്‌; പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 12:35 AM | 0 min read


കൊച്ചി
മുംബൈ പൊലീസാണെന്നും വെർച്വൽ അറസ്‌റ്റ്‌ ചെയ്യുമെന്നും ഭീഷണിപ്പെടുത്തി അഞ്ച്‌ ലക്ഷം തട്ടിയ കേസിലെ പ്രതിയെ അറസ്‌റ്റ്‌ ചെയ്തു. കൊടുവള്ളി മണിപ്പുറം കെയ്‌താപറമ്പിൽ മുഹമ്മദ് തുഫൈലാണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ്‌ തട്ടിപ്പിന്‌ ഇരയായത്‌. കൊറിയർ സർവീസ്‌ സ്ഥാപനത്തിലെ ജീവനക്കാരനെന്ന വ്യാജേനയാണ്‌ ആദ്യം ബന്ധപ്പെട്ടത്‌.  പരാതിക്കാരന്റെ പേരിൽ മുംബൈയിലുള്ള വിലാസത്തിൽ ചൈനയിലെ ഷാങ്ഹായിൽനിന്ന്‌ എടിഎം കാർഡ്‌, ലാപ്‌ടോപ്‌, പണം, എംഡിഎംഎ എന്നിവ  അയച്ചിട്ടുണ്ടെന്ന്‌ അറിയിച്ചു.

തുടര്‍ന്ന്, മുംബൈ സൈബർ ക്രൈം പൊലീസ്‌ സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനെന്ന്‌ പറഞ്ഞ്‌ തട്ടിപ്പുകാര്‍ ബന്ധപ്പെട്ടു. എത്തിയ വസ്തുക്കള്‍ നിയമവിരുദ്ധമായതിനാല്‍ സിബിഐ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്നും അക്കൗണ്ട്‌ കോടതിയിൽ പരിശോധിക്കാനുള്ള തുകയായി അഞ്ച്‌ ലക്ഷം നൽകണമെന്നും ആവശ്യപ്പെട്ടു. നോട്ടറിയുടേതെന്നും പറഞ്ഞ്‌ ബാങ്ക്‌ അക്കൗണ്ട്‌ നമ്പറും നൽകി.

തട്ടിപ്പിനിരയായെന്ന്‌ മനസ്സിലായ എറണാകുളം സ്വദേശി സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിൽ പരാതി നൽകി. പരാതി കൊച്ചി സിറ്റി സൈബർ പൊലീസ്‌ അന്വേഷിച്ചു. ബാങ്ക് അക്കൗണ്ടുകളും സൈബർ ക്രൈം റിപ്പോർട്ടിങ്‌ പോർട്ടലിൽനിന്ന്‌ ലഭിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിൽ പ്രതിയെ കോഴിക്കോടുനിന്ന്‌ പിടികൂടി. കൊച്ചി സിറ്റി സൈബർ ക്രൈം പൊലീസ്‌ സ്റ്റേഷനിലെ സബ്‌ ഇൻസ്‌പെക്ടർ കെ ആർ രൂപേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.



deshabhimani section

Related News

View More
0 comments
Sort by

Home