കൊലവെറിയോടെ 
ഇസ്രയേൽ ; ജനവാസ കേന്ദ്രങ്ങളില്‍ വ്യോമാക്രമണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 12:14 AM | 0 min read

ബെയ്‌റൂട്ട്‌/ടെല്‍ അവീവ്
കരയുദ്ധത്തില്‍ ഹിസ്‌ബുള്ളയില്‍നിന്ന് തിരിച്ചടി നേരിട്ടതോടെ ലബനനില്‍ വ്യോമാക്രമണം തീവ്രമാക്കി ഇസ്രയേൽ.തെക്കന്‍ ലബനനില്‍ എട്ട്‌ സൈനികർ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ബെയ്‌റൂട്ടിലെ ജനവാസ കേന്ദ്രങ്ങളില്‍ വ്യാപക ബോംബാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്.  24 മണിക്കൂറിനിടെ 28 ആരോഗ്യപ്രവർത്തകർ ലബനനിൽ കൊല്ലപ്പെട്ടതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. മൂന്ന്‌ ദിവസത്തിനിടെ 40 സന്നദ്ധപ്രവർത്തകരും കൊല്ലപ്പെട്ടു. അടിയന്തര വൈദ്യസഹായം എത്തിക്കുന്നതില്‍ തടസം നേരിടുകയാണെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

തെക്കൻ ലബനനിലെ 24 ഗ്രാമങ്ങളിൽനിന്ന്‌ ജനങ്ങളോട്‌ ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം ആവശ്യപ്പെട്ടു. ഹിസ്ബുള്ളയുടെ ആസ്ഥാനം, ആയുധ സംഭരണ കേന്ദ്രങ്ങൾ, റോക്കറ്റ് ലോഞ്ചറുകൾ എന്നിവ തകർത്തെന്ന് ഇസ്രായേൽ അവകാശപ്പെട്ടു. ​പരമാവധി ആള്‍നാശം ലക്ഷ്യമിട്ടുള്ള ആക്രമണമാണ് ഇസ്രയേല്‍ ​ഗാസയിലും നടത്തുന്നത്. 24 മണിക്കൂറിനിടെ 90 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

അതേസമയം, യമനിലെ ഹൂതി വിമതർ ഇസ്രയേലിലേക്ക്‌ ഡ്രോൺ ആക്രമണം നടത്തി. തെക്കൻ ലബനനിൽ ഇസ്രയേൽ സൈനികർക്കുനേരെ ശക്തമായ ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടു. ലബനനിലുള്ള ഇതര രാജ്യക്കാരെ ഒഴിപ്പിക്കാനുള്ള നീക്കം സജീവമാണ്. ടെൽ അവീവിലേക്കുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. ഇറാനിലേക്ക് യാത്ര ചെയ്യരുതെന്ന് വിവിധ രാജ്യങ്ങൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി. തങ്ങൾക്കെതിരെയുള്ള ജി 7 രാജ്യങ്ങളുടെ പ്രതികരണം  പക്ഷപാതപരമാണെന്ന്‌  ഇറാൻ കുറ്റപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Home