പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തിയിട്ടില്ല : മുഖ്യമന്ത്രി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 12:59 PM | 0 min read


തിരുവനന്തപുരം
സർക്കാരോ താനോ ഒരു പിആർ ഏജൻസിയെയും വാർത്ത നൽകാനായി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഭാഗമായി അങ്ങനെയൊരു ഏജൻസി പ്രവർത്തിക്കുന്നില്ല. ഒരു പൈസയും പിആർ ഏജൻസിക്കായി ചെലവഴിച്ചിട്ടില്ലെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

‘‘എന്റെ അഭിമുഖം ‘ദ ഹിന്ദു’ പത്രം ആവശ്യപ്പെട്ടതായി അറിയിച്ചത് സിപിഐ എം ആലപ്പുഴ ജില്ലാ കമ്മിറ്റിയംഗം ടി കെ ദേവകുമാറിന്റെ മകനാണ്. അഭിമുഖം നൽകുന്നതിന് തടസ്സമുണ്ടായിരുന്നില്ല. ഒറ്റപ്പാലത്തുള്ള ലേഖികയാണ് അഭിമുഖത്തിനുവന്നത്. ഒരുപാട്‌ ചോദ്യം ചോദിച്ചു, മറുപടിയും പറഞ്ഞു.

അൻവറിന്റെ ആരോപണം സംബന്ധിച്ചായിരുന്നു ഒരു ചോദ്യം. നേരത്തേ പറഞ്ഞതിനാൽ വിശദമായി പറയുന്നില്ലെന്ന് വ്യക്തമാക്കി. എന്നാൽ അഭിമുഖത്തിൽ പറയാത്ത ചിലകാര്യങ്ങൾ പത്രത്തിൽ വന്നു. ഏതെങ്കിലും ഒരു ജില്ലയെയോ വിഭാഗത്തെയോ പ്രത്യേകമായി കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ ഭാ​ഗത്തുനിന്നുണ്ടായിട്ടില്ല. അഭിമുഖത്തിൽ പറയാത്തകാര്യം കൊടുക്കാൻ പാടില്ലല്ലോ. അതു ചൂണ്ടികാട്ടിയപ്പോൾ ഹിന്ദു പത്രം മാന്യമായി ഖേദപ്രകടനം നടത്തി.

ദേവകുമാറിന്റെ മകൻ രാഷ്ട്രീയമായി ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെനിൽക്കുന്നയാളാണ്. അയാൾ ആവശ്യപ്പെട്ടപ്പോൾ അഭിമുഖത്തിനു തയ്യാറായി എന്നേയുള്ളൂ. ഞാൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരാൾകൂടി അവിടേക്കുവന്നു.

ലേഖികയുടെ കൂടെയുള്ള ആളാണെന്നാണ്‌ കരുതിയത്. പിന്നെയാണ് ഏതോ ഒരു ഏജൻസിയുടെ ആളാണെന്ന്‌ മനസ്സിലായത്. എനിക്ക് അവരുമായി പരിചയമോ ബന്ധമോ ഇല്ല. മറ്റു കാര്യങ്ങൾ അവർ തമ്മിലുള്ളതാണ്‌’’–-  മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home