ഹോട്ടൽ മുറിയിൽ വച്ച് ലൈംഗിക പീഡന ശ്രമം; ബാലചന്ദ്രമേനോനെതിരെ പരാതിയുമായി നടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 02:30 PM | 0 min read

കൊച്ചി > നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെ ലൈം​ഗിക പീഡന പരാതിയുമായി നടി. ആലുവ സ്വദേശിനിയായ നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നൽകിയത്. ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്. 2007ൽ ഹോട്ടൽ മുറിയിൽവച്ച് ലൈം​ഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഭയന്നിട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും നടി പറഞ്ഞു. ‘ദേ ഇങ്ങോട്ടു നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സംഭവമുണ്ടായതെന്നാണ് പരാതിയിൽ പറയുന്നത്.

ദുബായിൽ ജോലി ചെയ്യുകയായിരുന്ന തന്നെ സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് നടി പരാതിയിൽ പറയുന്നു. അമ്മയ്ക്കൊപ്പമാണ് ലൊക്കേഷനിലെത്തിയത്. തിരുവനന്തപുരത്ത് എത്തി സെക്രട്ടേറിയറ്റിനു സമീപത്തുള്ള ഹോട്ടലിൽ തങ്ങി. അന്നു രാത്രി കഥ പറയാൻ മുറിയിലേക്ക് വിളിപ്പിച്ചു. മുറിയിലെത്തിയപ്പോൾ മറ്റൊരു പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നതാണ് കണ്ടത്. പിറ്റേ ദിവസം വീണ്ടും മുറിയിലേക്ക് ചെല്ലാൻ പറഞ്ഞു. മുറിയിൽ മറ്റ് പുരുഷൻമാരുമുണ്ടായിരുന്നു. അവിടെവച്ച് ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചു. പിറ്റേന്ന് മുറിയിലെത്തിയ ബാലചന്ദ്രമേനോൻ കടന്നു പിടിക്കാൻ ശ്രമിച്ചുവെന്നും നടി പരാതിയിൽ പറയുന്നു. പ്രസ്തുത സിനിമയുടെ ഷൂട്ടിങ്ങിനിടെ ലൈം​ഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന് കാണിച്ച് നടൻ ജയസൂര്യയ്ക്കെതിരെയും ഇവർ പരാതി നൽകിയിരുന്നു.

സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നും ബ്ലാക്ക്‌മെയിൽ ചെയ്‌തുവെന്നും ആരോപിച്ച്‌ നടിക്കെതിരെയും അവരുടെ അഭിഭാഷകനുമെതിരെയും ബാലചന്ദ്ര മേനോൻ മുമ്പ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. മൂന്നു ലൈംഗികാരോപണങ്ങൾ തനിക്കെതിരെ ഉടൻ വരുമെന്ന്‌ ഫോണിലൂടെ അഭിഭാഷകൻ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്‌. അടുത്തദിവസം നടി സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ച് കുറിപ്പിട്ടു. ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ബാലചന്ദ്രമേനോനെതിരെ ഇവർ ഗുരുതര ആരോപണങ്ങളാണ്‌ ഉന്നയിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

Home