മധു 91ലേക്ക്: സർപ്രൈസായി കേക്കുമുറി; നർമം ചാലിച്ച്‌ മഹാനടൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 02:16 AM | 0 min read

തിരുവനന്തപുരം > ഞായർ രാത്രി 12ന്‌ പതിവിന്‌ വിപരീതമായി മകൾ ഉമയുടെ നേതൃത്വത്തിൽ കേക്ക്‌ മുറിച്ചു. മലയാളത്തിന്റെ മഹാനടൻ മധു 91ലേക്ക് കടന്ന നിമിഷം രണ്ട് കേക്കുകളാണ് മുറിച്ചത്. ഒന്ന് ഉമയും മരുമകൻ കൃഷ്ണകുമാറും ഒരുക്കിയത്. രണ്ടാമത്തേത്‌ ചെറുമകൻ വിശാഖും ഭാര്യ വർഷയും ഒരുക്കിയത്‌. മധുവിനാകട്ടെ സർപ്രൈസായിരുന്നു പാതിരാവിലെ പിറന്നാൾ ആഘോഷം. തുടർന്ന്‌, ജിത്തു ജോസഫിന്റെ ഒടിടിയിൽ എത്തിയ പുതിയ ചിത്രം നുണക്കുഴി കാണാൻ ഇരുന്നു. രണ്ടരയോടെ ഉറങ്ങിയ അദ്ദേഹം പകൽ പന്ത്രണ്ടോടെ ഉറക്കമെണീറ്റു. അപ്പോഴേക്കും തിരുവനന്തപുരം കണ്ണമ്മൂലയിലെ വീട്ടുമുറ്റത്ത് പിറന്നാൾ ആശംസ നേരാനായി ആളുകളെത്തി. കാണാനെത്തിയവർ കുശലം പറഞ്ഞു. നർമത്തിൽ പൊതിഞ്ഞും കൗണ്ടർ അടിച്ചും മറുപടി. കുറച്ചു കഴിഞ്ഞപ്പോൾ ഫോണിൽ മോഹൻലാലിന്റെ വിളി. ആശംസകൾക്ക് നന്ദി അറിയിച്ച് ഫോൺ കട്ട് ചെയ്തപ്പോഴേക്കും മമ്മൂട്ടിയുടെ വിളി. നക്ഷത്രദിനം വരുന്ന ഒക്ടോബർ അഞ്ചിന് പിറന്നാൾ സദ്യയൊരുക്കാമെന്ന്‌ കേന്ദ്രസഹമന്ത്രി സുരേഷ്‌ ഗോപി മധുവിനെ അറിയിച്ചു. ‘ആഘോഷമൊന്നും ഇഷ്ടമുള്ള ആളല്ല. നമ്മുടെ സന്തോഷത്തിന് നിൽക്കുന്നതാണെന്ന്‌’ മകൾ ഉമ പറഞ്ഞു.

മധുവിന്റെ ചലച്ചിത്ര ജീവിതം അറിയാൻ വെബ്‌സൈറ്റ്‌

 മധുവിന്റെ ചലച്ചിത്രസംഭാവനകൾ വിവരിക്കുന്ന പുതുക്കിയ www.madhutheactor. com എന്ന വെബ്‌സൈറ്റ്‌  ജന്മദിനത്തിൽ മോഹൻലാൽ, മമ്മൂട്ടി എന്നിവർ ഉൾപ്പെടെയുള്ള സിനിമാ പ്രവർത്തകരും കലാസാഹിത്യ സാംസ്‌കാരിക, സാഹിത്യപ്രമുഖരും സുഹൃത്തുക്കളും സാമൂഹ്യ പേജുകളിലൂടെ അവതരിപ്പിച്ചു. 370 ചിത്രങ്ങൾ, 150 ഹിറ്റ്‌ഗാനങ്ങൾ, മധുവിന്റെ ജീവചരിത്രം, അഭിമുഖങ്ങൾ, അമിതാഭ്‌ ബച്ചൻ, മോഹൻലാൽ, മമ്മൂട്ടി, കമൽഹാസൻ, ശ്രീകുമാരൻതമ്പി, എം ടി, അടൂർ, ഷീല, ശാരദ തുടങ്ങിയവരുടെ ലേഖനങ്ങളും വെബ്സൈറ്റിലുണ്ട്‌. മകൾ ഉമയും മരുമകൻ കൃഷ്‌ണകുമാറും ചേർന്നാണ്‌ വെബ്‌സൈറ്റ്‌ തയ്യാറാക്കിയത്‌. പ്രിയപ്പെട്ട മധുസാറിന് ഹൃദയംനിറഞ്ഞ ഒരായിരം ജന്മദിനാശംസകളെന്ന്‌ മോഹൻലാലും എന്റെ സൂപ്പർസ്‌റ്റാറിന്‌ ജന്മദിനാശംസയെന്ന്‌ മമ്മൂട്ടിയും ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home