തിരുവിതാംകൂർ സഹ.സംഘം: കണ്ണമ്മൂല ശാഖയിൽ 
ഒന്നരക്കോടിയുടെ തട്ടിപ്പ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 22, 2024, 12:31 AM | 0 min read

മെഡിക്കൽ കോളേജ്‌> ബിജെപി നേതൃത്വം നൽകുന്ന തിരുവിതാംകൂർ സഹകരണ സംഘത്തിന്റെ കണ്ണമ്മൂല ശാഖയിൽമാത്രം ഒന്നരക്കോടിയിലേറെ രൂപയുടെ നിക്ഷേപത്തട്ടിപ്പ്‌ നടന്നുവെന്ന്‌ പരാതി. മെഡിക്കൽ കോളേജ്‌ പൊലീസ്‌ ഇതുവരെ രജിസ്‌റ്റർ ചെയ്‌ത കേസുകളിലായി 1.59 കോടി രൂപയുടെ നിക്ഷേപമാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ശനിയാഴ്‌ച ഒരു കുടുംബത്തിലെ മൂന്നുപേർ പരാതി നൽകി. ആനയറ സ്വദേശികളായ ഇവർക്ക് 16.50 ലക്ഷം രൂപ തിരികെ ലഭിക്കാനുണ്ടത്രെ. 45 പേരോളം കണ്ണമ്മൂല ശാഖയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ്‌ പൊലീസിന്‌ ലഭിച്ച വിവരം. വരുംദിവസങ്ങളിൽ പരാതിക്കാരുടെ എണ്ണം കൂടാൻ സാധ്യതയുണ്ടെന്നും പൊലീസ്‌ അറിയിച്ചു.

ബിജെപി മുൻ സംസ്ഥാന വക്താവായ എം എസ്‌ കുമാർ 19 വർഷം  പ്രസിഡന്റായിരുന്ന തിരുവിതാംകൂർ സഹകരണസംഘത്തിന്‌ മൂന്ന്‌ ശാഖകളുണ്ട്‌. ബിജെപി മുൻ ജില്ലാ ഭാരവാഹികളും കൗൺസിലറുമുൾപ്പെടെ സംഘത്തിന്റെ ഭരണസമിതി അംഗങ്ങളായിരുന്നു. മൂന്ന്‌ ശാഖകളിലായി 42 കോടിയിലേറെ രൂപയുടെ തട്ടിപ്പ്‌ നടത്തിയതായാണ്‌ പരാതി.

തകരപ്പറമ്പിലെ പ്രധാനശാഖയിൽ കഴിഞ്ഞയാഴ്‌ച ഫോർട്‌ പൊലീസ്‌ റെയ്‌ഡ്‌ നടത്തി നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഫോർട്ടിൽമാത്രം 150 നിക്ഷേപകരാണ്‌ പരാതി നൽകിയിട്ടുള്ളത്‌. ഇതിൽ 105 കേസുകളിലായി അഞ്ചുകോടിയുടെ നിക്ഷേപത്തട്ടിപ്പ്‌ ഇതുവരെ കണക്കാക്കിയിട്ടുണ്ട്‌. അന്വേഷണം ക്രൈംബ്രാഞ്ചിന്‌ വിടണമെന്നാണ്‌ പരാതിക്കാരുടെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Home