വിചാരണ നീട്ടിക്കൊണ്ടുപോകൽ ; നടന്റെ പങ്ക്‌ വെളിപ്പെടുത്തി 
പ്രോസിക്യൂഷൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 18, 2024, 01:54 AM | 0 min read



കൊച്ചി
നടി ആക്രമിക്കപ്പെട്ട കേസിൽ അന്തിമവാദം കേൾക്കാൻ ഏതാനും മാസംമാത്രം ശേഷിക്കെയാണ്‌ ഒന്നാംപ്രതി പൾസർ സുനിക്ക്‌ സുപ്രീംകോടതിയിൽനിന്ന്‌ ജാമ്യം കിട്ടുന്നത്‌. കേരളത്തെ നടുക്കിയ ആക്രമണത്തെ തുടർന്ന്‌ ഏഴരവർഷമായി ജയിലിൽ കഴിയുന്ന പ്രതിക്ക്‌ അച്ഛന്റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ 2023ൽ ഏതാനും മണിക്കൂർ ജാമ്യം ലഭിച്ചിരുന്നു. വിചാരണ നീളുന്നെന്ന്‌ കാണിച്ച്‌ സമർപ്പിച്ച ഹർജിയിലാണ്‌ ജാമ്യം. ജാമ്യഹർജിയെ എതിർത്ത്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിചാരണ വൈകാനിടയായ കാര്യങ്ങൾ പറയുന്നുണ്ട്‌. വിചാരണ നീട്ടുന്നത് പ്രോസിക്യുഷൻ അല്ലെന്നും, ദിലീപിന്റെ അഭിഭാഷകരാണെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രഞ്ജിത്‌കുമാർ സുപ്രീംകോടതിയുടെ ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

കേസിൽ അടിസ്ഥാനരഹിതമായ ബദൽ കഥകൾ മെനയാൻ എട്ടാംപ്രതി നടൻ ദിലീപ് ശ്രമിക്കുന്നതായി സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കലാണ്‌ ഉദ്ദേശ്യം. അന്വേഷണ ഉദ്യോഗസ്ഥൻ ബൈജു പൗലോസിനെ 87 ദിവസം ദിലീപിന്റെ അഭിഭാഷകൻ വിസ്തരിച്ചു. സംവിധായകൻ ബാലചന്ദ്രകുമാറിനെ മുപ്പത്തിയഞ്ചര ദിവസവും സൈബർ ഫോറൻസിക് വിദഗ്‌ധൻ ഡോ. എസ്‌ പി സുനിലിനെ 21 ദിവസവും സൈബർ ഫോറൻസിക് വിദഗ്‌ധ എ എസ്‌ ദീപയെ 13 ദിവസവും അതിജീവിതയെ ഏഴുദിവസവും ദിലീപിന്റെ അഭിഭാഷകർ വിസ്തരിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞു.
കേസിലെ ആദ്യ ആറ് പ്രതികളെയും അതിജീവിത തിരിച്ചറിഞ്ഞു. മിക്ക പ്രതികളും വിചാരണയ്‌ക്ക്‌ സ്ഥിരമായി ഹാജരാകാറില്ല. ദിലീപിന്റെ അഭിഭാഷകരാണ്‌ ഇവരുടെ അവധി അപേക്ഷ ഫയൽ ചെയ്‌തിരുന്നത്‌.

വിചാരണക്കോടതിയിൽ പ്രോസിക്യൂഷൻ സാക്ഷികളെ വിസ്തരിക്കൽ പൂർത്തിയായിരുന്നു. പ്രതിഭാഗം സാക്ഷികളുടെ വിസ്താരം നടക്കാനുണ്ട്‌. തുടർന്നാണ്‌ അന്തിമവാദം. വിചാരണക്കോടതി ജഡ്ജി, പ്രതികളോട്‌ കാര്യങ്ങൾ ചോദിച്ചറിയുന്ന  നടപടിയും ബാക്കിയുണ്ട്. ഇതൊക്കെ പൂർത്തിയാകാൻ സമയം വേണ്ടിവരുമെന്ന്‌ വിലയിരുത്തിയാണ്‌ സുപ്രീംകോടതി പൾസർ സുനിക്ക് ജാമ്യം അനുവദിച്ചത്.

ഹൈക്കോടതി പറഞ്ഞു, സുനിയുടെ പിന്നിൽ ആരോ ഉണ്ട്‌
നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പൾസർ സുനി ജയിലിൽ കഴിഞ്ഞ ഏഴരവർ‍ഷത്തിനിടെ ഹൈക്കോടതിയിൽ ജാമ്യഹർജി നൽകിയത്‌ പത്തിലേറെ തവണ. സുപ്രീംകോടതിയിലെത്തിയത്‌ ഇത്‌ മൂന്നാംതവണയും.തുടർച്ചയായി ജാമ്യഹർജി ഫയൽ ചെയ്തതിന്‌ കഴിഞ്ഞ ജൂണിലാണ്‌ സുനിക്ക്‌ ഹൈക്കോടതിയിൽനിന്ന്‌ കടുത്ത വിമർശവും പിഴയും ഏറ്റുവാങ്ങേണ്ടിവന്നത്‌. 25,000 രൂപയാണ്‌ പിഴ വിധിച്ചത്‌. ഒരു ജാമ്യഹർജി തള്ളിയതിന്റെ മൂന്നാംനാളാണ്‌ അതേ കാരണങ്ങൾ നിരത്തി വീണ്ടും ജാമ്യഹർജി നൽകിയത്‌. പൾസർ സുനിയെ സഹായിക്കാൻ  പിന്നിൽ ആരോ ഉണ്ടെന്ന ഗുരുതര നിരീക്ഷണവും ഹൈക്കോടതിയിൽനിന്നുണ്ടായി. തുടർന്നാണ്‌ സുനി സുപ്രീംകോടതിയെ സമീപിച്ചത്.

 



deshabhimani section

Related News

View More
0 comments
Sort by

Home