ad
Deshabhimani

നിപാ രോഗബാധ: 16 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 17, 2024, 09:02 PM | 0 min read

മലപ്പുറം > നിപാ രോഗബാധയുമായി ബന്ധപ്പെട്ട് സെപ്‌തംബർ 17, ചൊവ്വാഴ്‌ച പുറത്തു വന്ന പരിശോധന ഫലങ്ങളിൽ 16 പേരുടെ സ്രവ പരിശോധനാ ഫലം നെഗറ്റീവ്. ചൊവ്വാഴ്‌ച പുതുതായി 80 പേരെ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെടുത്തുകയും ചെയ്തു. ഇതിൽ 50 പേരും ഹൈ റിസ്ക് വിഭാഗത്തിലാണ്. നിലവിൽ 255 പേരുള്ള സമ്പർക്കപ്പട്ടികയിൽ 171 പേര്‍ പ്രാഥമിക പട്ടികയിലും 84 പേര്‍ സെക്കൻഡറി പട്ടികയിലുമാണ്. പ്രാഥമിക പട്ടികയിലുള്ള 128 പേർ ഹൈ റിസ്‌ക്‌ വിഭാഗത്തിൽ ഉള്ളവരും ആകെയുള്ളവരിൽ 77 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. നിപ ബാധിച്ച്‌ മരിച്ച മലപ്പുറം വണ്ടൂരിലെ 24 കാരന്‍ പഠിച്ചിരുന്ന ബംഗളൂരുവിലെ കോളേജില്‍ നിന്നുള്ള 30 പേരും സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇവര്‍ ലോ റിസ്ക് കാറ്റഗറിയിലാണ്

ആരോഗ്യ മന്ത്രി വീണാ ജോർജാണ്‌ നിപാ ബാധയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്‌. രോഗലക്ഷണങ്ങളുമായി നാല് പേര്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ടെന്ന വിവരവും മന്ത്രി അറിയിച്ചു. ഇവര്‍ അടക്കം ആറു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 21 പേര്‍ പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്.

നിപ ജാഗ്രതയുടെ ഭാഗമായി മഞ്ചേരി മെഡിക്കല്‍ കോളേജില്‍ 30 ഐസൊലേഷന്‍ മുറികളും ആറ് ഐസിയു ബെഡുകളും ആറു വെന്റിലേറ്ററുകളും തയ്യാറാക്കിയിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ശക്തമായ മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് 214 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കാന്‍ കഴിഞ്ഞു. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി തിരുവാലി ബ്ലോക്ക് എഫ്എച്ച്സിയിലും മമ്പാട് ഗ്രാമപഞ്ചായത്ത് ഓഫീസിലും ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും നേതത്വത്തില്‍ ഇന്ന് അവലോകന യോഗങ്ങള്‍ ചേര്‍ന്നിരുന്നു.  

ഫീല്‍ഡ് സര്‍വെയുടെ ഭാഗമായി മമ്പാട് ഗ്രാമപഞ്ചായത്തിലെ 1576 വീടുകളിലും വണ്ടൂരിലെ 1711 വീടുകളിലും തിരുവാലിയിലെ 1694 വീടുകളിലും അടക്കം ആകെ 4981 വീടുകളില്‍ ഇന്ന് സര്‍വെ നടത്തി. 146 ടീമുകളായാണ് സര്‍വെ നടത്തിയത്. മമ്പാട് ഗ്രാമപഞ്ചായത്തില്‍ 28, വണ്ടൂരില്‍ 39, തിരുവാലിയില്‍ 40 അടക്കം ആകെ 107 പനിക്കേസുകള്‍ ഇന്നത്തെ സര്‍വെയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  ഇവരാരും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരല്ല.  

വൈകീട്ട് ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home