മലയാള സിനിമയിൽ പുതിയ സംഘടന ; പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് ; സർക്കുലർ പുറത്തുവിട്ട്‌ 
അണിയറ പ്രവർത്തകർ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 16, 2024, 02:14 PM | 0 min read


കൊച്ചി
മലയാള സിനിമാമേഖലയിൽ നിലവിലുള്ളതിന്‌ ബദലായി പുതിയ സംഘടന രൂപീകരിക്കാനൊരുങ്ങി ഒരുസംഘം സിനിമാപ്രവർത്തകർ. പുരോഗമന സിനിമാ കാഴ്ചപ്പാടുള്ളവർ ഒരുമിക്കുന്ന ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷൻ’ എന്ന സംഘടനയുടെ രൂപീകരണത്തിനാണ് ശ്രമം. ഇതുമായി ബന്ധപ്പെട്ട് അഞ്ജലിമേനോൻ അടക്കമുള്ള സിനിമാപ്രവർത്തകരുടെപേരിൽ ഇറങ്ങിയ സർക്കുലർ നടനും സംവിധായകനുമായ അനുരാഗ് കശ്യപ് നവമാധ്യമത്തിൽ പങ്കുവച്ചു. ആഷിക്‌ അബു, റിമ കല്ലിങ്കൽ, ലിജോ ജോസ്‌ പെല്ലിശേരി, രാജീവ് രവി, ബിനീഷ് ചന്ദ്ര എന്നിവരുടെ പേരും സർക്കുലറിലുണ്ട്‌. ‘സമത്വം, സഹകരണം, സാമൂഹിക നീതി' എന്നീ മൂല്യങ്ങളാകും സംഘടനയുടെ അടിസ്ഥാനം തൊഴിലാളികളുടെയും നിർമാതാക്കളുടെയും അവകാശങ്ങൾ ഉറപ്പാക്കുമെന്നാണ് വാഗ്ദാനം.

കേരളത്തിന്റെ സാമ്പത്തിക- സാംസ്കാരിക മേഖലയ്‌ക്ക്‌ നിരവധി സംഭാവനകൾ നൽകിയ സിനിമാ വ്യവസായം നിലവിൽ കാലഹരണപ്പെട്ട രീതികളെയും സംവിധാനങ്ങളെയും അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്‌. മറ്റ് വ്യവസായ മേഖലകളേക്കാൾ മോശം സാഹചര്യമുള്ളതിനാലാണ്‌ പുതിയ കൂട്ടായ്മ അനിവാര്യമായിരിക്കുന്നത്‌. ധാർമിക ഉത്തരവാദിത്വം, ചിട്ടയായ ആധുനികവൽക്കരണം, തൊഴിലാളി ശാക്തീകരണം എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായിരിക്കും പുതിയ കൂട്ടായ്‌മ. 

സിനിമാ വ്യവസായത്തിന്റെ ഭാഗമായ എല്ലാവരും സമഭാവനയോടെ പുലരുന്ന, മെച്ചപ്പെട്ട ഭാവിക്കായുള്ള സ്വപ്നത്തിൽ ഒന്നിച്ച് അണിചേരാനാകുമെന്ന്‌ സർക്കുലർ വാഗ്ദാനം ചെയ്യുന്നു. സംഘടനയുടെ നിയമവശങ്ങൾ ആലോചിക്കുന്നതേയുള്ളൂവെന്നും സംഘടന രൂപീകരിക്കാൻ സമയമെടുക്കുമെന്നും ആഷിഖ്‌ അബു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home