നായ്‌ക്കളിൽ പേവിഷബാധ; 7 മാസത്തില്‍ ചത്തത് 
24 എണ്ണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 08, 2024, 02:58 AM | 0 min read

തിരുവനന്തപുരം > ജില്ലയിൽ ഏഴുമാസത്തിനിടെ ചത്ത 90 നായ്ക്കളിൽ 24 എണ്ണത്തിനും പേവിഷബാധ സ്ഥിരീകരിച്ചതായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡീസിസിന്റെ പഠന റിപ്പോര്‍ട്ട്. ജനുവരി 24 മുതൽ ആ​ഗസ്ത് 24 വരെ സംശയാസ്പദമായ ചത്ത നായ്ക്കളിലാണ് പരിശോധന നടത്തിയത്. 10 എണ്ണം തെരുവിലെയും 14 എണ്ണം വളർത്തുനായ്ക്കളുമായിരുന്നു.

കോർപറേഷൻ പരിധിയിൽ ചത്ത 19 തെരുവുനായ്‌ക്കളില്‍ ആറെണ്ണത്തിനും പേവിഷബാധ സ്ഥിരീകരിച്ചെന്ന് പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ആനിമൽ ഡീസിസസിലെ ചീഫ് ഡിസീസ് ഇൻവസ്റ്റി​ഗേഷൻ ഓഫീസർ ഡോ. ഷീലാ സാലി പറഞ്ഞു. ജില്ലയിലെ വിവിധ മൃഗാശുപത്രികള്‍ക്ക്‌ പരിധിയിലെ ചത്ത നായകളെയാണ് ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് എത്തിച്ചത്.

നായകളുടെ സാമ്പിൾ എടുക്കുന്നതിലെ ബുദ്ധിമുട്ട് കാരണം ചത്തതിനുശേഷം തലച്ചോറിലെ സ്രവം പരിശോധിച്ചാണ് പേവിഷബാധ ഉറപ്പുവരുത്തിയത്. ഉമിനീര്‍, കണ്ണിലെ കോർണിയ എന്നിവിടങ്ങളിലെ കോശങ്ങളിൽനിന്ന് പേവിഷബാധ പരിശോധിക്കാമെങ്കിലും സ്ഥീരികരിക്കുന്നതിൽ താമസം വരും. ആയതിനാല്‍ തലച്ചോറിലെ കോശങ്ങളെടുത്താണ് ​പരിശോധന നടത്തുന്നത്. എൽഎഫ്ടി, പിസിആർ പരിശോധനകളിലൂടെയാണ് രോ​ഗനിര്‍ണയം നടത്തുന്നത്.

പേവിഷബാധ തടയാം

വാക്സിനേഷൻ എടുക്കുന്ന മൃ-​ഗങ്ങളിൽ 70 ശതമാനംവരെ പേവിഷബാധ പ്രതിരോധമുണ്ടാകും. ജനിച്ച് രണ്ടരമാസത്തിൽ ആദ്യ റാബീസ് വാക്സിൻ എടുക്കം. തുടർന്ന് മൂന്നുമാസത്തിന് ശേഷം ബൂസ്റ്റർ ഡോസും പിന്നീട് എല്ലാവർ‌ഷവും വാക്സിനേഷൻ‌ നൽകിയാൽ പേവിഷബാധയെ പ്രതിരോധിക്കാം.

രോ​ഗലക്ഷണം

നായകളും പൂച്ചകളും രണ്ടുതരത്തിലാണ് ലക്ഷണങ്ങൾ പ്രകടമാക്കുന്നത്. അക്രമസ്വഭാവം, വീടുവിട്ട് പോവുക, വായ് തുറന്നുപിടിച്ച്‌ ഉമിനീർ ഒലിപ്പിക്കുക, എന്തിനെയും കടിക്കുക എന്നിവയാണ് പ്രധാന ല​ക്ഷണം. അതേസമയം ചില മൃ-​ഗങ്ങൾ ഇതിൽനിന്ന് വ്യത്യസ്തമായി പതുങ്ങിയിരിക്കുക, ഓടിയൊളിക്കുക, ശരീരം തളർന്നുപോവുക എന്നിവയും രോ​ഗലക്ഷണങ്ങളാണ്.
 



deshabhimani section

Related News

View More
0 comments
Sort by

Home