ടെക്നോപാർക്ക് പ്രതിധ്വനി ഫുട്ബോൾ ടൂർണമെന്റ്: യുഎസ്ടി ഗ്ലോബലും ടാറ്റ എൽക്സിയും ജേതാക്കൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 06, 2024, 08:59 PM | 0 min read

തിരുവനന്തപുരം > ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെൻറിൽ സെവൻസിൽ യുഎസ്ടി ഗ്ലോബലും ഫൈവ്സിൽ ടാറ്റ എൽക്സിയും ജേതാക്കളായി. ടെക്നോപാർക്കിലെ ഐടി കമ്പനികൾ മത്സരിച്ച ടൂർണമെൻറിൻറെ ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. റാവിസ് ഹോട്ടൽ ഗ്രൂപ്പ്, യൂഡി പ്രൊമോഷൻസ് എന്നിവയുമായി സഹകരിച്ചാണ് ടൂർണമെൻറ് സംഘടിപ്പിച്ചത്.

പുരുഷന്മാരുടെ സെവൻസ് ടൂർണമെൻറിൽ ഒന്നാം സ്ഥാനം നേടിയ ടീമിന് 25,000 രൂപയും എവർ റോളിംഗ് ട്രോഫിയും സമ്മാനമായി ലഭിച്ചു. സ്ത്രീകളുടെ ഫൈവ്സ് ടൂർണമെൻറ് ജേതാക്കൾക്ക് പതിനയ്യായിരം രൂപയും ട്രോഫിയുമാണ് സമ്മാനം. റാവിസ് ഹോട്ടൽ ഗ്രൂപ്പ്, യൂഡി പ്രൊമോഷൻസ് എന്നിവർ നൽകുന്ന സമ്മാനങ്ങളും വിജയികൾക്ക് ലഭിച്ചു.



ഇന്ത്യൻ ഫുട്ബോൾ ടീമിൽ അംഗമായിരുന്ന എൻ പി പ്രദീപ്, അയ്യപ്പൻ എൻ ( ജിഎം, ലീല റാവിസ് കോവളം), സാം ഫിലിപ്പ് (ജിഎം,  ലീല അഷ്ടമുടി കൊല്ലം), നാഗരാജൻ നടരാജൻ (സിഇഒ ഐ ഡൈനമിക്സ് & ഡയറക്ടർ യൂഡി) തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ടൂർണമെൻറിലെ മികച്ച കളിക്കാരനും കൂടുതൽ ഗോൾ നേടുന്ന കളിക്കാരനും മികച്ച ഗോൾകീപ്പർക്കും പ്രത്യേക പുരസ്കാരങ്ങൾ നല്കി. ഓരോ മത്സരത്തിലെയും മികച്ച കളിക്കാരന് പ്ലേയർ ഓഫ് ദി മാച്ച് ട്രോഫിയും 'യൂഡി' നൽകുന്ന പ്രത്യേക സമ്മാനങ്ങളും ലഭിച്ചു.

ജിജിൻ എസ് (യുഎസ്ടി) ഫൈനലിലെ പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ റോഷൻ റോബിൻസൺ (എച്ച് &ആർ ബ്ലോക്ക്) ഫേസ് 1 ടോപ് സ്കോറർ സമ്മാനം നേടി. ടൂർണമെൻറിലെ ടോപ് സ്കോറർ കൂടിയായ നോളൻ ചാൾസിനെ (യുഎസ്ടി) പ്ലെയർ ഓഫ് ദ ടൂർണമെൻറായി തിരഞ്ഞെടുത്തു. അഖിൽ ദേവ് (അലിയൻസ്) ആണ് സെവൻസ് ടൂർണമെൻറിലെ മികച്ച ഗോൾകീപ്പർ.

കേരളത്തിലെ പ്രമുഖ ഐടി കമ്പനികളെല്ലാം പങ്കെടുക്കുന്ന പ്രതിധ്വനി ടൂർണമെൻറ് ഐടി മേഖലയിലെ വലിയ ഫുട്ബോൾ ടൂർണമെൻറാണ്. 175 മത്സരങ്ങൾ പൂർത്തിയാക്കിയ മൂന്നു മാസക്കാലം നീണ്ടു നിന്ന ടൂർണമെൻറാണ് വ്യാഴാഴ്ച സമാപിച്ചത്.
 



deshabhimani section

Related News

View More
0 comments
Sort by

Home