സ്റ്റാര്‍ട്ടപ്പുകൾക്ക് ഓഫീസ് സൗകര്യം ; ലീപ് സെന്റർ 
കാമ്പസുകളിലേക്കും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 05, 2024, 12:44 AM | 0 min read


തിരുവനന്തപുരം
സ്റ്റാര്‍ട്ടപ്പുകൾക്ക് ഓഫീസ് സൗകര്യം ലഭ്യമാക്കുന്ന ലീപ് സെന്റർ കാമ്പസുകളിലേക്കും വ്യാപിപ്പിക്കുന്നു. വയനാട്‌ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, കൊച്ചി എടത്തല അൽഅമീൻ കോളേജ്, കാലടി ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ്‌ ആൻഡ് ടെക്‌നോളജി എന്നിവിടങ്ങളിലെ ലാബുകളാണ് സ്‌റ്റാർട്ടപ്പ്‌ മിഷൻ ലീപ് സെന്റർ സംവിധാനത്തിന്റെ ഭാഗമാകുന്നത്. ധാരണാപത്രത്തിൽ സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയും മൂന്ന് കോളേജുകളുടെ പ്രതിനിധികളും ഒപ്പുവച്ചു.

സംസ്ഥാനത്തെ ആദ്യ മെഡ്ടെക് ലീപ് സെന്ററാണ് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേത്. ഇവിടുത്തെ ഐനെസ്റ്റ് ബയോ ഇൻകുബേഷൻ സെന്ററാണ് ഉപയോഗിക്കുക. ത്രീഡി ബയോ പ്രിന്റിങ്, കാൻസർ ബയോളജി, ബയോ മെഡിക്കൽ ഡിവൈസസ് സ്റ്റാർട്ടപ്പുകളിലെ തുടക്കക്കാർക്ക് ഇതിലൂടെ മികച്ച അവസരം ലഭ്യമാകും. എടത്തല അൽഅമീൻ കോളേജ്, കാലടിയിലെ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലെ ലീപ് സെന്ററുകളിലും മികച്ച സൗകര്യമുണ്ട്‌. കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് ഓഫീസ് സ്‌പെയ്‌സ്‌ അനുവദിക്കുക. സ്റ്റാർട്ടപ്പ് തുടങ്ങാൻ ആഗ്രഹിക്കുന്ന സ്വന്തമായി ഓഫീസില്ലാത്ത കമ്പനികൾക്കും രജിസ്റ്റർ ചെയ്യാം. മികച്ച രീതിയിൽ രൂപകൽപ്പനചെയ്ത തൊഴിലിടം, അതിവേഗ ഇന്റർനെറ്റ്, മീറ്റിങ്‌ റൂം തുടങ്ങിയ സൗകര്യം ഇവിടുണ്ടാകും. പ്രൊഫഷണലുകൾക്ക് ദിവസ-, മാസ വ്യവസ്ഥയിൽ സൗകര്യം ഉപയോഗിക്കാം. വർക്ക് ഫ്രം ഹോം ചെയ്യുന്നവർക്കും യാത്ര ചെയ്യേണ്ടിവരുന്ന പ്രൊഫഷണലുകൾക്കുമാണ്‌ കൂടുതൽ ഗുണകരമാകുക. സ്റ്റാർട്ടപ്പുകൾക്ക്‌ മാർഗനിർദേശം നൽകൽ, ബിസിനസ് ഡെവലപ്‌മെന്റ്‌ സഹായം, ഫണ്ടിങ്‌ അവസരങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയവയും ഇവിടെ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home