കെഎഫ്‍സി സ്റ്റാർട്ടപ്പ് കോൺക്ലേവ് ഓഗസ്റ്റ് 29ന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 26, 2024, 04:00 PM | 0 min read

തിരുവനന്തപുരം > കേരള ഫിനാൻഷ്യൽ കോർപറേഷൻ സംഘടിപ്പിക്കുന്ന കെഎഫ്സി സ്റ്റാർട്ടപ്പ് കോൺക്ലേവ് 2024 ഓഗസ്റ്റ് 29 ന് നടക്കും.
പകൽ 11.30ന് തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ എൻ ബാലഗോപാൽ പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽവകുപ്പ് മന്ത്രി ‍വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

സ്റ്റാർട്ടപ്പ് രംഗത്തെ പുതിയ അവസരങ്ങളും മാതൃകകളും ചർച്ച ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുന്ന പരിപാടിയിൽ സംരംഭകർ, നിക്ഷേപകർ, വ്യവസായ പ്രമുഖർ തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുക്കും. സ്റ്റാർട്ടപ്പ് രംഗത്ത് മികവ് തെളിയിച്ച കമ്പനികളുടെ ഉല്പന്നങ്ങളുടെ പ്രദർശനത്തിനുള്ള സ്റ്റാളുകൾ കോൺക്ലേവിൽ ഉണ്ടാകും. മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്കാരദാനവും ഈ ധനകാര്യവർഷത്തെ കെഎഫ്‍സിയുടെ വാർഷിക റിപ്പോർട്ടിൻ്റെ പ്രകാശനവും നിർവഹിക്കും. സർക്കാരിനുള്ള ഈ വർഷത്തെ ലാഭവിഹിതമായ 36 കോടിരൂപയുടെ ചെക്കും ചടങ്ങിൽ കൈമാറും.

മികവുള്ള സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആശയ രൂപീകരണം മുതൽ കമ്പനിയുടെ വിപുലീകരണം വരെയുള്ള ഓരോ ഘട്ടത്തിലും സമഗ്രമായ പിന്തുണയും വായ്പാ സഹായവും ലഭ്യമാക്കുന്ന പദ്ധതിയാണ് കെഎഫ്‍സി സ്റ്റാർട്ടപ്പ് കേരള. ഈ പദ്ധതിയിലൂടെ സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ആകർഷകമായ പലിശനിരക്കിൽ ഈടില്ലാതെ വായ്പ ലഭ്യമാകും. കെഎഫ്‍സി സ്റ്റാർട്ടപ്പ് കേരള പദ്ധതി വഴി ഇതുവരെ 61 കമ്പനികൾക്കായി 78.52 കോടി രൂപയാണ് വായ്പയായി നൽകിയിട്ടുള്ളത്. ഈ വർഷം പുതിയതായി 100 സ്റ്റാർട്ടപ്പുകൾക്ക് വായ്പ ലഭ്യമാക്കുന്നതിനും കേരള ഫിനാൻഷ്യൽ കോർപ്പറേഷന് പദ്ധതിയുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home