പന്തീരാങ്കാവ്‌ കേസിൽ ദമ്പതികൾ ഒരുമിക്കുന്നതിന്‌ തടസമില്ലെന്ന്‌ കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 14, 2024, 01:16 PM | 0 min read

കൊച്ചി> പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിക്കാരിയെയും പ്രതി രാഹുലിനെയും കൗൺസിലിങ്ങിന് വിട്ട്‌ ഹൈക്കോടതി. കൗൺസിലറുടെ റിപ്പോർട്ട് കൂടി ലഭിച്ചാൽ കേസിൽ തീരുമാനമെടുക്കാമെന്ന്‌ കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന രാഹുലിന്റെ ഹരജിയിലാണ് കോടതിയുടെ നിർദേശം.
പ്രതിക്കുനേരെയുള്ള ആരോപണങ്ങള്‍ ഗുരുതരമാണെങ്കിലും രണ്ടുപേരും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ കോടതി തടസ്സം നിൽക്കില്ലെന്ന്‌ ജസ്റ്റിസ് എ ബദറുദീൻ പറഞ്ഞു. ആരുടെയും നിർബന്ധത്തിലല്ല താൻ പരാതി പിൻവലിക്കുന്നതെന്ന് പരാതിക്കാരി കോടതിയെ അറിയിച്ചു.

കഴിഞ്ഞ ദിവസം ജർമനിയിൽനിന്നു തിരിച്ചെത്തിയ രാഹുലും ഭാര്യയും ഇന്നു കോടതിയിൽ ഹാജരായിരുന്നു. ഇരുവരെയും ഒറ്റയ്ക്കും ഒരുമിച്ചും വിളിച്ചു ജസ്റ്റിസ് ബദറുദീൻ സംസാരിച്ചു.  കുടുംബത്തിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ താൻ പരാതി നൽകിയതെന്നും തന്നെയാരും മർദ്ദിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.

കേസ് ഈ മാസം 21 ന് വീണ്ടും പരിഗണിക്കും. ഇരുവരും ഒരുമിച്ച് ജീവിക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ തടസ്സം നിൽക്കില്ലെന്നും വ്യക്തമാക്കി.

രണ്ടുപേർക്കും കൗൺസിലിംഗ് നൽകാനും കോടതി കെൽസക്ക് നിർദേശം നല്‍കി. കൗൺസിലിങ്ങിനു ശേഷം റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിക്ക് സമർപ്പിക്കണം. എന്നാൽ അതേസമയം പ്രതിക്കെതിരെയുള്ള ആരോപണങ്ങൾ ഗുരുതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും നേരത്തേ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഇതിനിടെ പൊലീസ് കുറ്റപത്രം സമർപ്പിച്ചതോടെ കോടതി ഇരുവരോടും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പ്രതി രാഹുല്‍ ഇന്ത്യയിലെത്തിയത്.

ഭാര്യയുമായി കേസ് ഒത്തുതീർപ്പായെന്ന് ഹർജിക്കാരനായ രാഹുൽ നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. രാഹുൽ കുറ്റക്കാരനല്ല  വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് രാഹുലിനെതിരെ പരാതി നൽകിയതെന്നാണ് പെൺകുട്ടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.

കേസിൽ രാഹുലാണ് ഒന്നാം പ്രതി. വധശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. കേസില്‍ 5 പ്രതികളാണുള്ളത്. രാഹുലിന്റെ അമ്മയും സഹോദരിയുമാണു രണ്ടും മൂന്നും പ്രതികള്‍. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും പൊലീസ് ഓഫിസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കും എതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് രാജേഷിനും പൊലീസുകാരനും എതിരായ കുറ്റം.



deshabhimani section

Related News

View More
0 comments
Sort by

Home