ക്യാമ്പുകളിൽ പകര്‍ച്ചവ്യാധി പ്രതിരോധം പ്രധാനം: വീണാ ജോര്‍ജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 09:35 PM | 0 min read

തിരുവനന്തപുരം > വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ക്യാമ്പുകളില്‍ മോഡേണ്‍ മെഡിസിന്‍, ആയുര്‍വേദം, ഹോമിയോപ്പതി ചികിത്സ ഉറപ്പാക്കിയിട്ടുണ്ട്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ വകുപ്പിന്റെ 12 ഹെല്‍ത്ത് ടീം 360 പൊതുജനാരോഗ്യ സ്‌ക്രീനിംഗ് നടത്തി. മാനസികാരോഗ്യം ഉറപ്പാക്കാനായി വ്യക്തിഗത കൗണ്‍സിലിംഗും ഗ്രൂപ്പ് കൗണ്‍സിലിംഗും നല്‍കുന്നുണ്ട്. 136 അംഗ മാനസികാരോഗ്യ ടീം 13 ക്യാമ്പുകളും വീടുകളും സന്ദര്‍ശിച്ചു. 218 പേര്‍ക്ക് ഗ്രൂപ്പ് കൗണ്‍സിലിംഗും 467 പേര്‍ക്ക് സൈക്കോസോഷ്യല്‍ ഇന്റര്‍വെന്‍ഷനും 36 പേര്‍ക്ക് ഫാര്‍മാക്കോ തെറാപ്പിയും നല്‍കി. 90 ഡിഎന്‍എ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതായും മന്ത്രി പറഞ്ഞു.

ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്താന്‍ വാട്ടര്‍ അതോറിട്ടിയുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം നടത്തണമെന്ന് മന്ത്രി നിർദേശിച്ചു. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ എന്നിവര്‍ പങ്കെടുത്തു.

പ്രധാന നിർദേശങ്ങൾ

• മഞ്ഞപ്പിത്ത രോഗം തടയാന്‍ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കണം.
• പകര്‍ച്ചവ്യാധി പ്രതിരോധത്തിന് ശക്തമായ നടപടികള്‍ തുടരണം.
• ക്യാമ്പുകളിലോ വീടുകളിലോ രോഗം കണ്ടെത്തിയാല്‍ റിപ്പോര്‍ട്ട് ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കണം.
• ചെളിയിലും വെള്ളത്തിലുമിറങ്ങിയ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കേണ്ടതാണ്

 


deshabhimani section

Related News

View More
0 comments
Sort by

Home