സൈബർ തട്ടിപ്പ്‌ ; മാര്‍ കൂറിലോസിന്റെ പണം തട്ടിയത് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 09, 2024, 01:38 AM | 0 min read


പത്തനംതിട്ട
സിബിഐ ഉദ്യോഗസ്ഥർ എന്ന പേരിൽ സൈബർ തട്ടിപ്പുകാര്‍ ‘ഡിജിറ്റൽ അറസ്റ്റിലാക്കി’ രണ്ടുമണിക്കൂറോളം തന്നെ ഭീഷണിപ്പെടുത്തി ചോദ്യംചെയ്തെന്ന്‌ യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ​ഗീവര്‍​ഗീസ് മാര്‍ കൂറിലോസ്. 15 ലക്ഷത്തിലേറെ രൂപയാണ്‌ സൈബർ തട്ടിപ്പിൽ നഷ്ടമായത്‌. കഴിഞ്ഞ രണ്ടിന്‌ മുംബൈ സൈബർ ക്രൈം വിഭാഗത്തിൽ നിന്നെന്ന് പറഞ്ഞാണ്‌ വീഡിയോ കോള്‍ വന്നത്. നിങ്ങൾക്ക് മുംബൈയിൽ അക്കൗണ്ട് ഉണ്ടെന്നും നരേഷ് ​ഗോയൽ കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് നിങ്ങളുടെ അക്കൗണ്ട്  ഉപയോഗിക്കുന്നുണ്ടെന്നും പറഞ്ഞു. ഇതിന് മുംബൈയില്‍ എഫ്ഐആർ  ഉള്ളതിനാല്‍ ഉടൻ മുംബൈയിൽ എത്തണമെന്ന്‌ ആവശ്യപ്പെട്ടു. എന്നാൽ നിഷേധിച്ച താന്‍ കേരളത്തിനു പുറത്ത് എവിടെയും അക്കൗണ്ട് ഇല്ലെന്ന്‌ പറഞ്ഞു. എന്നാൽ നിങ്ങളുടെ പേര് ദുരുപയോഗിച്ചതാകുമെന്ന്‌ അറിയിച്ചു. അക്കൗണ്ടിനെതിരെയും നിങ്ങളുടെ പേരിലും കേസ് ഉള്ളതിനാല്‍ മുംബൈയിൽ വന്നേ പറ്റൂവെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് സിബിഐ ഉദ്യോഗസ്ഥർക്ക് ഫോണ്‍ കൈമാറുകയാണെന്ന്‌ അറിയിച്ചു. രണ്ടുമണിക്കൂറോളം വളരെ മോശമായ രീതിയിലും ഭീഷണിപ്പെടുത്തുന്ന തരത്തിലും ചോദ്യംചെയ്യല്‍ തുടര്‍ന്നു. രാത്രി 10 വരെ ഇത് നീണ്ടു. തുടർന്നാണ് ഉറങ്ങാൻ അനുവദിച്ചത്.

ചോദ്യംചെയ്യലിന് ഒടുവിൽ നിങ്ങൾ ഡിജിറ്റൽ അറസ്റ്റിലാണെന്നും ക്യാമറ തുറന്നുവയ്ക്കണമെന്നും അനുവാദമില്ലാതെ എവിടെയും പോകരുതെന്നും ആവശ്യപ്പെട്ടു. പിറ്റേന്ന് ഓൺലൈൻ കോടതിയിൽ ഹാജരാക്കുമെന്ന് പറഞ്ഞു. അവിടെയും കുറ്റം നിഷേധിച്ചു. കള്ളപ്പണ കേസായതിനാല്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും സുപ്രീംകോടതിയുടെ സീക്രട്ട് അക്കൗണ്ടിലേക്ക് മാറ്റുകയാണെന്നും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാൽ തിരികെ നൽകുമെന്നും അറിയിച്ചു. കേരളത്തിലെ തന്റെ മൂന്ന് അക്കൗണ്ടുകളുടെ വിവരം കൈമാറി. പണം അവര്‍ പറഞ്ഞ അക്കൗണ്ടിലേക്ക് മാറ്റി. 13 ലക്ഷത്തോളം രൂപയാണ് ഉണ്ടായിരുന്നത്. ഒന്നര ലക്ഷം രൂപ അക്കൗണ്ടിൽനിന്ന്‌ പിൻവലിച്ചത്‌ തിരിച്ചടയ്ക്കണമെന്നും ആവശ്യപ്പെട്ടു. പിന്‍വലിച്ചിട്ടില്ലെന്ന് പറഞ്ഞെങ്കിലും അത് അം​ഗീകരിച്ചില്ല. തുടര്‍ന്ന് മറ്റൊരാളില്‍നിന്ന് പണം വാങ്ങി അതും നല്‍കി. ചില മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് തെറ്റായ വാർത്തകൾ വന്നിട്ടുണ്ട്. ഒരു ഒത്തുതീര്‍പ്പിനും താൻ ശ്രമിച്ചിട്ടില്ലെന്നും കൂറിലോസ്‌ വ്യക്തമാക്കി.
അന്വേഷണം വ്യാപിപ്പിച്ചു

പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി കീഴ്‌വായ്പൂര് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥ് പറഞ്ഞു. ഡല്‍ഹി കേന്ദ്രീകരിച്ചുള്ള രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം പോയിട്ടുള്ളത്. ബാങ്ക് അധികൃതരുമായി ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ചു. വിവിധ അന്വേഷണ ഏജന്‍സികളുടെ സഹായത്തോടെ അന്വേഷണം വിപുലീകരിക്കും. കീഴ്‌വായ്പൂര് എസ്എച്ച്ഒ വിപിന്‍ ഗോപിനാഥിനാണ് അന്വേഷണ ചുമതല.



deshabhimani section

Related News

View More
0 comments
Sort by

Home