പുത്തുമല താണ്ടി കടക്കാം ചൂരൽമലയും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 05, 2024, 10:49 PM | 0 min read

മേപ്പാടി >  ""ഞങ്ങൾ തളർന്നില്ല. വീണുമില്ല. ജീവിതമല്ലേ, തോൽക്കാനാകില്ലല്ലോ. ഇതും അതിജീവിക്കും. മുണ്ടക്കൈയിലെയും ചൂരൽമലക്കാരുടെയും ജീവിതം മറ്റൊരിടത്ത്‌ തളിർക്കും’’–- പുത്തുമല ഉരുൾപൊട്ടലിന്റെ നഷ്ടങ്ങളുംപേറി സലീമും അഷ്‌ക്കറും പറഞ്ഞു. 2019ലെ പുത്തുമല ദുരന്തത്തിൽ കാണാതായതാണ്‌ സലീമിന്റെ ബാപ്പ നാച്ചിവീട്ടിൽ അവറാനെയും അഷ്‌ക്കറിന്റെ ബാപ്പ കന്നങ്കാടൻ അബൂബക്കറിനെയും. കാറിൽ സഞ്ചരിക്കുമ്പോൾ ഉരുളെടുത്ത ഇരുവരെയും ആഴ്ചകളോളമുള്ള തിരച്ചിലിലും കണ്ടെത്താനായില്ല. അയൽവാസികളും ഉറ്റസുഹൃത്തുക്കളുമായ ഇവരുടെ മക്കളും കളിക്കൂട്ടുകാരാണ്‌. ബാപ്പ മരിച്ചതോടെ സലീമും അഷ്‌ക്കറും കുടുംബത്തെ ചുമലിലേറ്റി. മേപ്പാടി പൂത്തക്കൊല്ലിയിലാണ്‌ ജീവിതം വീണ്ടും പൂത്തത്‌.

""ഞങ്ങളുടെ സങ്കടത്തേക്കാൾ വലുതാണ്‌ മുണ്ടക്കൈയിലും ചൂരൽമലയിലുമുണ്ടായത്‌. മരിച്ചവരെയും കാണാതായവരെയുമെല്ലാം അറിയാം. ഉരുൾപൊട്ടിയതുമുതൽ ചൂരൽമലയിലുണ്ട്‌. എല്ലാം നഷ്ടമായവരാണ്‌ ഏറെയും. അഞ്ചുകൊല്ലം മുമ്പ്‌ ഞങ്ങളും അങ്ങനെയായിരുന്നു. എന്നിട്ടും പൊരുതിനിന്നു. പ്രളയത്തിൽ മുങ്ങിയ നാടിനെ കാത്ത സർക്കാരും നന്മയുള്ള മനുഷ്യരും കൂടെയുള്ളപ്പോൾ ഒരുമിച്ച്‌ മുന്നേറാനാകും. പുത്തുമലക്കാരുടെ അനുഭവം അതാണ്‌''–- "ഹർഷം' പുനരധിവാസ കേന്ദ്രത്തിലെ വീടുകൾക്ക്‌ മുമ്പിൽ സലീം ജീവിതം സാക്ഷ്യപ്പെടുത്തുമ്പോൾ മറ്റുള്ളവരും ഒപ്പംചേർന്നു. ഇപ്പോഴും ഇവർ പുത്തുമലയിലേതുപോലെ ഒരുമിച്ചാണ്‌. എല്ലാവരുടെയും വിളിപ്പുറത്തുണ്ട്‌ ഓരോ വീടും.  ""ചൂരൽമലക്കാർക്കും ഇതുപോലെ ജീവിക്കാനാകണം. പഴയതുപോലെ എല്ലാവർക്കും ഒരിടത്ത്‌ ജീവിക്കാനാകണം. മികച്ച പുനരധിവാസപദ്ധതി നടപ്പാക്കണം''–- സലീമും അഷ്‌കറും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home