സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് ക്യാമ്പയിൻ: എല്ലാ മെഡിക്കൽ കോളേജുകളിലും ആരംഭിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 27, 2024, 05:22 PM | 0 min read

തിരുവനന്തപുരം > സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജ് ക്യാമ്പസുകളിലും സുരക്ഷിത ആശുപത്രി, സുരക്ഷിത ക്യാമ്പസ് (സേഫ് ഹോസ്‌പിറ്റൽ, സേഫ് ക്യാമ്പസ്) ഇനിഷ്യേറ്റീവ് ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്ഥാപനങ്ങളേയും ഉൾപ്പെടുത്തിയാണ് ഇത് നടപ്പിലാക്കുന്നത്. അധ്യാപകർ, വിദ്യാർഥികൾ, സാങ്കേതിക പ്രവർത്തകർ, മറ്റ് ജീവനക്കാർ, സന്നദ്ധ പ്രവർത്തകർ എന്നിവർ യജ്ഞത്തിൽ പങ്കാളികളായി. അതത് സ്ഥലങ്ങളിലെ ഇലക്ട്രിക്കൽ എഇമാരുടെ നേതൃത്വത്തിൽ ലിഫ്റ്റുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പ് വരുത്തി വരുന്നതായും മന്ത്രി പറഞ്ഞു.

സേഫ്റ്റി ഓഡിറ്റ് ശക്തിപ്പെടുത്തി ആശുപത്രികളിലെ സുരക്ഷിതത്വം ഉറപ്പാക്കുക, ജീവനക്കാരുടെ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, രോഗീ സൗഹൃദ അന്തരീക്ഷമൊരുക്കുക, ക്യാമ്പസുകളുടെ ശുചീകരണം എന്നിവയാണ് ലക്ഷ്യമിടുന്നത്. ക്യാമ്പസിൽ നിന്നുള്ള പകർച്ചവ്യാധികൾ തടയുക, വിദ്യാർഥികൾക്ക് രോഗഭീതി കൂടാതെയുള്ള പഠന സൗകര്യമൊരുക്കുക എന്നിവയും ലക്ഷ്യമിടുന്നു.

വിദ്യാർഥികളുടെ ഹോസ്റ്റലും പരിസരവും വൃത്തിയാക്കുക, ആശുപത്രി കെട്ടിടങ്ങളിലേക്ക് വളർന്നു നിൽക്കുന്ന ചെടികളും മറ്റും നീക്കം ചെയ്യുക, പഴക്കമുള്ള വാട്ടർ ടാങ്കുകൾ മാറ്റുക എന്നിവയടക്കം വിവിധ ശുചീകരണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽമാരുടേയും സൂപ്രണ്ടുമാരുടേയും നേതൃത്വത്തിൽ അടുത്തയാഴ്ച യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തി തുടർനടപടികൾ സ്വീകരിക്കുന്നതാണ്. ഈ യോഗത്തിൽ സേഫ് ഹോസ്പിറ്റൽ ഇനിഷ്യേറ്റീവിനുള്ള മാർഗരേഖയ്ക്ക് അന്തിമ രൂപം നൽകും.



deshabhimani section

Related News

View More
0 comments
Sort by

Home