ഐഡിഎസ്എഫ്എഫ്കെ: മത്സരേതര വിഭാഗത്തിൽ 15 മലയാളം ചിത്രങ്ങൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 26, 2024, 07:01 PM | 0 min read

തിരുവനന്തപുരം > പതിനാറാമത്  രാജ്യാന്തര ഡോക്യുമെന്ററി ഷോർട്ട്  ഫിലിം ഫെസ്റ്റിവലിൽ മത്സരേതര ഷോട്ട് ഫിക്ഷൻ വിഭാഗത്തിൽ ആറു ചിത്രങ്ങളും, രണ്ട് ലോങ്ങ് ഡോക്യുമെന്ററികളും, ഏഴ് ഷോർട്ട് ഡോക്യൂമെന്ററികളും പ്രദർശിപ്പിക്കും.
 
സാമൂഹിക പരിഷ്കർത്താവ് സ്വാമി ആനന്ദ തീർത്ഥനെക്കുറിച്ച് ബിന്ദു സാജൻ, അഭിജിത് നാരായണൻ എന്നിവർ ചേർന്നു സംവിധാനം ചെയ്ത സ്വാമി ആനന്ദ തീർഥൻ: നിഷേധിയുടെ ആത്മശക്തി എന്നീ ചിത്രങ്ങളാണ് ലോങ്ങ് ഡോക്യുമെന്ററി വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നത്.
 
മലയാളിയും മുണ്ടും തമ്മിലുള്ള ബന്ധം ചിത്രികരിച്ചിരിക്കുന്ന ഡോക്യുമെന്ററിയാണ് ദി മുണ്ട് ആൻഡ് ദി മലയാളി: എ ഫിക്ഷനൽ ഡോക്യൂമുണ്ടേരി. ഋഷിക് ഭരത്  സംവിധാനം ചെയ്ത എ ഫിഷ് ഓൺ ദി ഷോർ ഒരു പരീക്ഷണാത്മക ഡോക്യൂമെന്ററിയാണ്. വിഷാദത്തിനടിമപ്പെട്ടവർ അവരുടെ ദുരവസ്ഥയെ അതിജീവിക്കുന്നതെങ്ങനെ എന്ന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ചിത്രീകരിച്ചിരിക്കുകയാണ് സംവിധായകൻ. പ്രത്യക്ഷരക്ഷാദൈവ സഭയുടെ  സ്ഥാപകനായ പൊയ്കയിൽ അപ്പച്ചന്റെ പത്നിയുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമാണ് ജിതിൻ രാജ് സംവിധാനം ചെയ്ത എതിർജീവനം. കെ എം മധുസൂദനന്റെ തീപ്പനക്കം, സായി കിരൺ എം ഡി സംവിധാനം ചെയ്ത മടക്കുകൾ, ഷിജിൻ വി സംവിധാനം ചെയ്ത റോൾഡന്റെ ഗാനം, സന സലീമിന്റെ കടൽ കടലിന്റെ മക്കൾക്ക്  എന്നിവയാണ് ഈ വിഭാഗത്തിലെ ഏഴു ചിത്രങ്ങൾ
 
പിതാവിന്റെ മൃതശരീരം ഏറ്റുവാങ്ങാൻ എത്തുന്ന ഒരു വ്യക്തിയാണ് ടെയ്ലർ ഷേ എഴുതി സംവിധാനം ചെയ്ത ക്ലോസ് അപ് എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. സാത്താനുമായി സംവദിച്ച് ദൈവത്തെക്കുറിച്ചുള്ള യാഥാർഥ്യം കണ്ടെത്താനുള്ള ശ്രമമാണ് സഹൽ വിജെ സംവിധാനം ചെയ്ത ഇന്റർവ്യൂ വിത്ത് ദി ഡെവിൾ എന്ന ചിത്രത്തിന്റെ പ്രമേയം. അരുൺദേവ് എസ് സംവിധാനം ചെയ്ത ചുരുളുകൾ, മുർഷിദ് പങ്കിനിക്കാടന്റെ ശാന്ത വലയം, അച്യുത് ഗിരി സംവിധാനം ചെയ്ത മീനുകൾ, കേനാസ് മാത്യുവിന്റെ അഗ്രം തുടങ്ങി കാലിക പ്രസക്തി നിറഞ്ഞ സംഭവങ്ങളെ പ്രതിപാദിക്കുന്ന ചിത്രങ്ങളാൽ സമ്പന്നമാണ് മത്സരേതര വിഭാഗം. ജൂലൈ 26 മുതൽ 31 വരെ കൈരളി, ശ്രീ, നിള തിയറ്ററുകളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കും.


deshabhimani section

Related News

View More
0 comments
Sort by

Home