രാജമാണിക്യം കഥ പറയുന്നു ‘അൻബോടെ ’

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 22, 2024, 01:08 AM | 0 min read

തിരുവനന്തപുരം > ‘കഥ പറയുമ്പോൾ എന്ന സിനിമയിൽ ശ്രീനിവാസൻ അവതരിപ്പിക്കുന്ന ബാർബർ ബാലൻ മകളോട്‌ ആരാകാനാണ്‌ ആഗ്രഹമെന്ന്‌ ചോദിക്കുന്നുണ്ട്‌. കൃത്യമായി ഫീസ്‌ കൊടുക്കുന്ന കുട്ടിയായാൽ മതിയച്ഛാ എന്നായിരുന്നു അവളുടെ മറുപടി. ഇതായിരുന്നു എന്റെയും അവസ്ഥ’ –- കഷ്ടപ്പാടുകളോട്‌ പൊരുതി സിവിൽ സർവീസ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ നടന്നുകയറിയ  എം ജി രാജമാണിക്യത്തിന്റെ കഥ പറയുകയാണ്‌ ‘അൻബോട്‌ രാജമാണിക്യം’.

ഫീസടയ്‌ക്കാനില്ലാതെ ക്ലാസിന്‌ പുറത്തുനിൽക്കേണ്ടി വന്നിട്ടുണ്ട്‌ രാജമാണിക്യമെന്ന വിദ്യാർഥിക്ക്‌. ഫീസടയ്‌ക്കാത്ത കുട്ടികളുടെ പേരുകൾക്കിടയിൽ തന്റെ പേര്‌ വരരുതേയെന്ന പ്രാർഥനയുമായി രാജമാണിക്യം പലവട്ടം സ്കൂളിലേക്ക്‌ നടന്നു.
സോനയാ കോവിലിലെ ചന്ത പിരിയുന്ന നേരത്ത്‌ കൂട്ടിയിടുന്ന പച്ചക്കറികളിൽ കേടില്ലാത്തവ തെരഞ്ഞെടുത്തായിരുന്നു അമ്മ രാജമാണിക്യത്തിനും സഹോദരങ്ങൾക്കും ഭക്ഷണമൊരുക്കിയത്‌. മക്കൾക്ക് വിളമ്പിക്കഴിഞ്ഞാലും അമ്മക്കണ്ണുകൾ അവരുടെ ഭക്ഷണപ്പാത്രത്തിലുണ്ടാകും. ശ്രദ്ധയിൽപ്പെടാത്ത പുഴുവെങ്ങാൻ പച്ചക്കറിയിലുണ്ടെങ്കിൽ എടുത്തുമാറ്റി ‘ഒന്നുമില്ലെടാ, സാപ്പിട്‌’ എന്ന്‌ പറയുന്നതായിരുന്നു ആ അമ്മക്കരുതൽ.

സ്കൂളിലെ സത്തനുവി (ഉച്ചഭക്ഷണം) ന്റെ രുചിയും അവധിക്കാലത്ത്‌ ബേക്കറിയിൽ ജോലി ചെയ്‌തതും ബസ്‌ പാസിനുള്ള പണമില്ലാത്തതിനാൽ നാട്ടുകാരനായ കാർത്തിക്കിന്റെ സൈക്കിളിനു പിന്നിലിരുന്ന്‌ യാത്രയുമെല്ലാം പുസ്തകത്തിൽ വിവരിക്കുന്നു. തമിഴ്‌നാട്ടിലെ മധുരയ്‌ക്കടുത്ത ഗ്രാമത്തിൽ പിറന്ന്‌ ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ്‌ സർവീസിലേക്ക്‌ നടന്നുകയറിയ കഥയാണ്‌  ‘അൻബോട്‌ രാജമാണിക്യം’.

കഷ്ടപ്പാടുകളോട്‌ പടവെട്ടിയായിരുന്നു എംടെക്‌ വരെയുള്ള വിദ്യാഭ്യാസം. നിശ്ചയദാർഢ്യവും പ്രയത്നവുമുണ്ടെങ്കിൽ ആർക്കും സിവിൽ സർവീസെന്ന ലക്ഷ്യം കൈവരിക്കാമെന്നതാണ്‌ ജീവിതകഥയിലൂടെ പറയാൻ ശ്രമിക്കുന്നതെന്ന്‌ രാജമാണിക്യം പറയുന്നു. ഒലീവ്‌ ബുക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഒരാഴ്‌ചയ്‌ക്കുള്ളിൽ പുറത്തിറങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Home