കുസാറ്റിൽ ജൻഡർ ന്യൂട്രൽ യൂണിഫോം ജൂൺ ഒന്ന് മുതൽ; ആർത്തവ അവധിക്കുശേഷം പുതിയ ചുവടുവെയ്പ്പ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 27, 2023, 11:59 AM | 0 min read

കൊച്ചി> ജൻഡർ ന്യൂട്രൽ യൂണിഫോമുമായി കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ്‌ സയൻസ്‌ ആൻഡ്‌  ടെക്‌നോളജി (കുസാറ്റ് ).  സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് ക്യാമ്പസ്സിലാണ് ജൂൺ ഒന്നുമുതൽ ജെന്റർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കുന്നത്. സ്റ്റുഡന്റ് യൂണിയൻ ആവശ്യം ഡിപ്പാർട്മെന്റ് കൗൺസിൽ അംഗീകരിക്കുകയായിരുന്നു. കുസാറ്റിലെ  മറ്റ് ഡിപ്പാർട്മെന്റുകളിലും തീരുമാനം നടപ്പാക്കാനുള്ള ചർച്ച തുടങ്ങി. വിദ്യാർഥിനികൾക്ക്‌ ആർത്തവ അവധി പ്രഖ്യാപിച്ച കുസാറ്റിന്റെ  ചരിത്ര തീരുമാനത്തിന്‌ ശേഷം മറ്റൊരു പുതിയ ചുവടുവെയ്പ്പാണ് ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതിലൂടെ സാധ്യമാകുന്നത്.

കുസാറ്റ് സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർപേഴ്‌സൺ നമിത ജോർജ് ആണ് ജൻഡർ ന്യൂട്രൽ യൂണിഫോമിനായി നിവേദനം നൽകിയത്. സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിന്റെ കൗൺസിൽ യോഗവും നിവേദനം അംഗീകരിച്ചതായി സർവകലാശാല ഉത്തരവിൽ ചൂണ്ടിക്കാട്ടി.

വിദ്യാർത്ഥികൾക്ക് ഇപ്പോൾ ഷർട്ടും പാന്റും അല്ലെങ്കിൽ ചുരിദാറും ധരിക്കാനുള്ള ഇരട്ട ഓപ്ഷൻ ഉണ്ട്. ഇതുവരെ ആൺകുട്ടികൾ ഷർട്ടും പാന്റും പെൺകുട്ടികൾ ചുരിദാറും ധരിക്കണമായിരുന്നു. നിലവിൽ ഇളം പച്ച കുർത്തി,  ചാരനിറത്തിലുള്ള പാന്റ്‌സ്, ചാരനിറത്തിലുള്ള ഓവർകോട്ട് എന്നിവയായിരുന്നു പെൺകുട്ടികളുടെ യൂണിഫോം .  ആൺകുട്ടികൾക്ക് ഇളം പച്ച ഷർട്ടും ചാരനിറത്തിലുള്ള പാന്റുമായിരുന്നു. ജൻഡർ ന്യൂട്രൽ യുണിഫോമിൽ  കളർ കോഡിന് മാറ്റമില്ല.

സർവകലാശാല നിർദ്ദേശിക്കുന്ന യൂണിഫോം സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗിലെ എല്ലാ വിദ്യാർത്ഥികൾക്കും ഒരുപോലെ ബാധകമാണ്. ഇത് ആൺകുട്ടികൾ, പെൺകുട്ടികൾ, അല്ലെങ്കിൽ ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ പെട്ടവർ എന്നിവയ്ക്കിടയിൽ ഒരു വ്യത്യാസവും ഉണ്ടാക്കുന്നില്ലെന്ന് നമിത ജോർജ് പറഞ്ഞു. ബി.ടെക് (റഗുലർ) കോഴ്സിലെ ഏകദേശം 2,400 വിദ്യാർത്ഥികൾക്ക് ഈ തീരുമാനം ബാധകമാകുമെന്ന് സ്കൂൾ ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ ദീപക് കുമാർ സാഹു പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home