കടത്തിന്റെ പേരിൽ കേരളത്തെ 
ഭയപ്പെടുത്താൻ ശ്രമം : ഡോ. ടി എം തോമസ്‌ ഐസക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 25, 2023, 01:39 AM | 0 min read


കോഴിക്കോട്‌
കടത്തിന്റെ പേരിൽ കേരളത്തെ ഭയപ്പെടുത്താനാണ്‌ കേന്ദ്രസർക്കാരും ഒരുപറ്റം മാധ്യമങ്ങളും ശ്രമിക്കുന്നതെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ്‌ ഐസക്‌ പറഞ്ഞു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന  സമ്മേളന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തെ എങ്ങനെ അസ്ഥിരപ്പെടുത്താമെന്ന ആലോചനയാണ്‌ നടക്കുന്നത്‌. കിഫ്‌ബി എടുത്ത വായ്‌പ കേരളത്തിന്റെ പൊതു കടമാക്കി  മാറ്റി. കേന്ദ്രസർക്കാർ എല്ലാ വർഷവും നാലു ലക്ഷം കോടി രൂപവരെ വായ്‌പയെടുക്കുന്നുണ്ട്‌. അവരാണ്‌ കേരളത്തിന്റെ കടത്തെക്കുറിച്ച് പറയുന്നത്‌.  ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്ന്‌ ശതമാനം വരെയാണ്‌ കടമെടുക്കാനുള്ള പരിധി. കേന്ദ്രം  ഇതു മറികടന്ന്‌ ആറു ശതമാനം വരെ കടമെടുത്തിട്ടുണ്ട്‌. കേരളത്തിന്റെ പൊതുകടം ആഭ്യന്തര ഉൽപ്പാദനത്തിന്റെ രണ്ട്‌ ശതമാനമാണ്‌. എന്നിട്ടും വായ്‌പ വെട്ടിക്കുറയ്‌ക്കുകയാണ്‌. ഈ നെറികേട്‌ തുറന്നു പറയാൻ മാധ്യമങ്ങൾ തയ്യാറാകുന്നില്ല.

സംസ്ഥാനം കൂടുതൽ നിക്ഷേപ സൗഹൃദമാകണമെങ്കിൽ അടിസ്ഥാന വികസന രംഗത്ത്‌ മാറ്റം വരണം.  ബജറ്റ്‌ തുകകൊണ്ട്‌ ഇത്‌ സാധ്യമാകണമെങ്കിൽ 25 വർഷമെടുക്കും. അതുകൊണ്ടാണ്‌  കടമെടുത്ത്‌  ലക്ഷ്യം നിറവേറ്റുന്നത്‌. പുതിയ തൊഴിൽ സൃഷ്ടിക്കുന്ന സമ്പദ്‌ വ്യവസ്ഥ വളർത്തുകയാണ്‌ ലക്ഷ്യം.  കുത്തകകളുടെ മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും  ഓണ്‍ലൈന്‍ വ്യാപാരവും ഉയര്‍ത്തുന്ന വെല്ലുവിളി വ്യാപാരികള്‍ അതേ നാണയത്തില്‍ നേരിടണമെന്നും അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home