VIDEO - ദേശാടനപക്ഷികൾ കുമ്പളങ്ങി സന്ദർശനത്തിലാണ്

പള്ളുരുത്തി > കുമ്പളങ്ങിയിൽ ഇര തേടാൻ ദേശാടന പക്ഷികൾ വിരുന്നെത്തി. കുമ്പളങ്ങി - ചെല്ലാനം പഞ്ചായത്തുകൾ അതിർത്ഥി പങ്കിടുന്ന പാടശേഖരത്തിലാണ് പെയ്‌ന്റഡ് സ്റ്റോർക്കുകൾ, ഏഷ്യൻ ഓപ്പൺ ബിൽ സ്റ്റേർക്ക് ഇനത്തിൽപ്പെട്ട ദേശാടന പക്ഷികളും വെള്ളരി കൊക്കുകളും കൂട്ടത്തോടെ എത്തിയത്. പെയ്‌ന്റഡ് സ്റ്റോർക്കുകളാണ് ഇതിൽ ആകർഷകം. ഐബീസ് ലീഗ്യൂസ് സെഫലസ് എന്നാണ് ഇതിന്റെ ശാസ്ത്രീയ നാമം. ഹിമാലയം മുതൽ തെക്കേ ഇന്ത്യ വരെയാണ് ഇതിനെ വ്യാപകമായി കാണപ്പെടുന്നത്.
കേരളത്തിൽ പെയ്‌ന്റഡ് സ്റ്റോർക്കുകളെ വർണ്ണ കൊക്കുകൾ എന്നും നാട്ടിൻ പുറങ്ങളിൽ പൂത കൊക്കെന്നും അറിയപ്പെടുന്നു. കേരളത്തിലെ ദേശാടനക്കിളികളിൽ സുന്ദരൻ എന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മഞ്ഞച്ചുണ്ടുകളും ചിറകിൽ ചായം പൂശിയ പോലുള്ള നിറവും ആകർഷകരമാണ്. പിൻഭാഗത്തെ പിങ്ക് കളറാണ് പെയിന്റഡ് സ്റ്റോർക്കെന്ന് പേരു വരാൻ കാരണം. ചതുപ്പുകളിലും തടാകങ്ങളിലുമാണ് ഇവ ഇര തേടുന്നത്. മറ്റു പക്ഷികളെ അപേക്ഷിച്ച് വർണ്ണ കൊക്കുകൾ ഇര തേടുന്ന രീതി വ്യത്യസ്തമാണ്. നീണ്ട കാലുകൾ ചെളിക്കുള്ളിലേക്ക് ആഴ്ന്നിറക്കി ചെളിയിൽ പതുങ്ങിയിരിക്കുന്ന മീനുകളെയും വാൽ മാക്രികളെയുമാണ് ഇവ ഭക്ഷിക്കുന്നത്.
ഒക്‌ടോബർ മുതൽ മെയ് വരെ പ്രജനനം നടത്തുന്ന പെയ്‌ന്റഡ് സ്റ്റോർക്കുകൾ 20 മുതൽ 25 വർഷം വരെ ജീവിക്കും. പെലിക്കൻ പക്ഷികൾ കൂടു കൂട്ടുന്ന ചില്ല പങ്കിട്ട് പെയ്‌ന്റഡുകൾ കൂടു കൂട്ടാറുണ്ട്. വംശനാശ ഭീക്ഷണി നേരിടുന്ന പക്ഷികളിൽ റെഡ് ലിസ്റ്റിലാണ് ഈ സുന്ദരൻ. ഓപ്പൺ ബിൽ സ്റ്റോർക്കിനെ ചേരാ കൊക്കൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. വെളളം വറ്റിയ ചതുപ്പു നിലങ്ങളിൽ ഇര തേടുന്ന ഇവ കേരളത്തിൽ അപൂർവമായാണ് എത്തുന്നത്.
ഏഷ്യൻ ഓപ്പൺബിൽ സ്റ്റോർക്ക് ചാരനിറത്തിലുള്ളതോ വെളുത്തതോ ആയിരിക്കും. തിളങ്ങുന്ന കറുത്ത ചിറകുകളും വാലുമാണ് ഇവയ്ക്കുള്ളത്. പ്രധാനമായും ഒച്ചുകളെ ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നവയാണ് ഓപ്പൺബിൽ സ്റ്റോർക്കുകൾ. പല സീസണുകളിലായി വിവിധയിനം പക്ഷികൾ എത്തുന്ന കുമ്പളങ്ങിയിലെ ഈ പ്രദേശം വനം വകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. കേരളത്തിൽ വിരുന്നെത്തുന്ന ഭൂരി ഭാഗം വിദേശ പക്ഷികളും കുമ്പളങ്ങിയിലെ പാടശേഖരത്തിൽ പറന്നിറങ്ങുന്നതായി പക്ഷി നിരീക്ഷകനായ പി പി മണികണ്ഠൻ പറയുന്നു. ഏക്കറുകണക്കിന് ചതുപ്പു നിലവും ആളൊഴിഞ്ഞ പ്രദേശവുമായതിനാലാണ് ഈ പാടശേഖരത്തിലേക്ക് കൂടുതൽ പക്ഷികൾ എത്തുന്നതെന്ന്.









0 comments