ad
Deshabhimani

അക്ഷരവെളിച്ചത്തിന്റെ ഓർമക്കൂട്ടം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 13, 2019, 06:02 PM | 0 min read

എടപ്പാൾ
ആ ഓർമക്കും സ്‌നേഹത്തിനും ഇന്നും പത്തരമാറ്റാണ‌്. അതുകൊണ്ടുതന്നെ ഉത്സവപ്രതീതിയായിരുന്നു ആ സംഗമത്തിന‌്. ഒരു നാടിനാകെ അക്ഷര വെളിച്ചമേകിയ പി ചിത്രൻ നമ്പൂതിരിപ്പാടും  സഹപ്രവർത്തകരുമാണ‌്  മൂക്കുതലയിലുള്ള പകരാവൂർ മനയിൽ ഒത്തുകൂടിയത്.  
ചിത്രൻ നമ്പൂതിരിപ്പാടും അദ്ദേഹത്തോടൊപ്പം മൂക്കുതല ഹൈസ്‌കൂളിൽ സേവനമനുഷ്ഠിച്ചിരുന്ന 33 ജീവനക്കാരിൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന 87കാരൻ ശിവശങ്കരൻ മാഷ്, 84കാരൻ ജോബുമാഷ്, 87കാരി ജാനകി ടീച്ചർ,  ക്ലർക്ക‌് 86കാരൻ രാമൻ നായർ എന്നിവരാണ് ഞായറാഴ്ച ഒത്തുകൂടിയത്. നൂറാം വയസിലേക്ക് പ്രവേശിച്ച പി ചിത്രൻ നമ്പൂതിരിപ്പാടാണ‌് ആദ്യം എത്തിയത്. പിന്നീട് ഓരോരുത്തരായി എത്തി. അവരുടെ കുടുംബാംഗങ്ങളും ശിഷ്യമാരും നാട്ടുകാരും എത്തിയതോടെ സംഗമം ഉത്സവമായി. 
മൂക്കോലക്കാർക്കും സമീപപ്രദേശത്തുള്ളവർക്കും അക്ഷരവെളിച്ചം നൽകിയ പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെക്കുറിച്ച് പറയാൻ ഏറെയുണ്ട്. വിദ്യാഭ്യാസ സൗകര്യം തീരെ ഇല്ലാത്ത തന്റെ നാട്ടുകാർക്ക് സ്‌കൂളെന്ന സ്വപ്നം സാക്ഷാൽക്കരിക്കുകയെന്നതായിരുന്നു പി ചിത്രൻ നമ്പൂതിരിപ്പാടിന്റെ മനസ്സിൽ. അങ്ങനെയാണ് 1946 ജൂൺ അഞ്ചിന് മൂക്കുതല ഹൈസ്‌കൂൾ തുടങ്ങുന്നത്. 1957 ഒക്ടോബർ ഒന്നിന് സ്‌കൂൾ നിൽക്കുന്ന അഞ്ചരേക്കർ സ്ഥലവും കെട്ടിടവും സൗജന്യമായി സർക്കാരിലേക്ക് നൽകി. അന്നത്തെ പ്രധാനാധ്യാപകനായിരുന്ന പി ചിത്രൻ നമ്പൂതിരിപ്പാട് അടക്കമുള്ള 33 ജീവനക്കാരെയും സർക്കാർ ഏറ്റെടുത്തിരുന്നു. 
കഴിഞ്ഞ അഞ്ചുവർഷമായി ചിത്രൻ നമ്പൂതിരിപ്പാടും സഹപ്രവർത്തകരും എല്ലാ വർഷവും വിവിധ സ്ഥലങ്ങളിൽ ഒത്തുകൂടാറുണ്ട്. സംഗമത്തിൽ നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി സത്യൻ അധ്യക്ഷനായി. പി ചിത്രൻ നമ്പൂതിരിപ്പാട് ആമുഖപ്രഭാഷണം നടത്തി. അക്കാലത്തെ ക്ലർക്കായിരുന്ന രാമൻ നായർ പി ചിത്രൻ നമ്പൂതിരിപ്പാടിനെ പൊന്നാട അണിയിച്ചു. മൂക്കുതല പി ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ പ്രധാനാധ്യാപിക രാധ,  അശ്‌റഫ് കോക്കൂർ, സ്‌കൂൾ പിടിഎ പ്രസിഡന്റ് കെ കെ ലക്ഷ്മണൻ, രാജശേഖരൻ നായർ, വേലായുധൻ ശുകപുരം, അധ്യാപിക സരസിജാക്ഷി എന്നിവർ സംസാരിച്ചു. സി ശിവശങ്കരൻ സ്വാഗതം പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home