നവകേരള സൃഷ്ടിക്ക് ആഹ്വാനമേകി കലാജാഥ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2018, 06:03 PM | 0 min read

 മഞ്ചേരി

"നന്മകൾ കവരാനുള്ള ശ്രമത്തെ ഒറ്റമനസ്സോടെ ചെറുക്കാനായാൽ ഇനിയൊരു പ്രളയം വന്നാലും നാം തോൽക്കില്ല.. കരുത്തോടെ പുതുജീവിതത്തിലേക്ക് നയിക്കാൻ നാടിനൊപ്പം സർക്കാരിനൊപ്പം യുവജന കൂട്ടായ്മകൾ ഒറ്റക്കെട്ടായുണ്ടാകും. നവകേരളം പടുത്തുയർത്താനുള്ള പ്രയത്‌നത്തിൽ നമുക്കൊന്നായ് അണിചേരാം'... കേരളം അനുഭവിച്ച പ്രളയക്കെടുതിയുടെ നേർക്കാഴ്ച തെരുവുനാടകത്തിലൂടെ കാണികളിലേയ്ക്ക് പകർന്ന് സംസ്ഥാന യുവജനക്ഷേമ ബോർഡ് നവകേരള സൃഷ്ടിക്ക് ആഹ്വാനമേകി. യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന കേരള വളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സിന്റെ പ്രചാരണാർഥമാണ് കലാജാഥ ജില്ലയിൽ പര്യടനം നടത്തിയത്. പ്രളയക്കെടുതിയും കേരളം കാണിച്ച അതിജീവന മാതൃകയും കൈമെയ് മറന്ന് രംഗത്ത് ഇറങ്ങിയ യുവജന കൂട്ടായ്മകളുടെ പ്രയത്‌നവുമെല്ലാം ഉൾപ്പെടുത്തിയാണ് 40 മിനിറ്റുള്ള കലാപ്രകടനം. ഫ്ലാഫ്‌മോബ്, നാടൻപാട്ട്, വായ്ത്താരി, നവോത്ഥാന ഗാനങ്ങളും കോർത്തിണക്കിയാണ് കലാജാഥ.  മികച്ച നടനുള്ള സംസ്ഥാന ടെലിവിഷൻ  പുരസ്‌കാരം നേടിയ കൃഷ്ണൻ ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ 22 യുവകലാപ്രതിഭകളും അണിനിരന്നു. 
പകൽ 12ന് മഞ്ചേരി എൻഎസ്എസ് കോളേജിലായിരുന്നു ആദ്യ സ്വീകരണം. പ്രിൻസിപ്പൽ ജീജ രമണി അധ്യക്ഷയായി. ബോർഡ് അംഗം ഷെരീഫ്, പ്രോഗ്രാം ഓഫീസർ പ്രതീപ്, നജ്മുദ്ദീൻ എന്നിവർ സംസാരിച്ചു. യൂണിയൻ ചെയർമാൻ കെ വിഷ്ണു സ്വാഗതവും എൻഎസ്എസ് സെക്രട്ടറി എം നിധിൻ നന്ദിയും പറഞ്ഞു. മലപ്പുറം ഗവ. കോളേജ്,  അങ്ങാടിപ്പുറം ഗവ. പോളിടെക്‌നിക്, പെരിന്തൽമണ്ണ ടൗണ്‍, നഗരസഭ എന്നിവിടങ്ങളിൽ പര്യടനം നടത്തി. നവംബർ 29ന് പീലിക്കോടുനിന്നാരംഭിച്ച കലാജാഥ  19ന് തിരുവനന്തപുരത്ത് സമാപിക്കും. 
പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അവയെ നേരിടുന്നതിന് സന്നദ്ധതയും കഴിവുമുള്ള 15 വയസ്സിനും 30 വയസ്സിനും മദ്ധ്യേ പ്രായമായ ഒരുലക്ഷം യുവജനങ്ങളെ തെരഞ്ഞെടുത്താണ് കേരള വളന്ററി യൂത്ത് ആക്ഷൻ ഫോഴ്‌സ് രൂപീകരിക്കുന്നത്. 
ശാരീരികക്ഷമതയും അർപ്പണബോധവുമുള്ള 100 യുവജനങ്ങളെ വീതം ജില്ലാ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് ദുരന്തനിവാരണ പ്രവർത്തനങ്ങളിലും രക്ഷാ പ്രവർത്തനങ്ങളിലും പരിശീലനം നൽകും. -http-://vo-l-un--teer-.k-syw-b-.in- എന്ന ലിങ്ക് മുഖേന  യുവതീയുവാക്കൾക്ക് സേനയിൽ അംഗമാകാം.


deshabhimani section

Related News

View More
0 comments
Sort by

Home