കനിവുകാത്ത് കളകപ്പാറ ആദിവാസി കോളനി നിവാസികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2018, 07:15 PM | 0 min read

 

അരീക്കോട്  
ഊർങ്ങാട്ടിരി  പഞ്ചായത്തിൽ വെറ്റിലപ്പാറ മൂന്നാം വാർഡിലെ കളകപ്പാറ ആദിവാസി കോളനി ദുരിതത്തിൽ. ചെക്കുന്ന് മലയിൽ 15 കുടുംബങ്ങളിലായി നൂറോളം ആളുകൾ താമസിക്കുന്ന കളകപ്പാറ ആദിവാസി കോളനിയിൽ കാലങ്ങളായി അടിസ്ഥാന സൗകര്യങ്ങളൊന്നും എത്തുന്നില്ല. കഴിഞ്ഞ കനത്ത മഴയിലും ഓടക്കയത്തെ ഉരുൾപൊട്ടിയ മേഖലക്കടുത്താണ്‌ പ്രദേശം. 
25 ഡിഗ്രിയിൽ കൂടുതൽ ചെങ്കുത്തായ എല്ലാ ഗ്രാമങ്ങളെയും ഒഴിപ്പിക്കാൻ നിർദേശം ഉണ്ടായിട്ടും 50 ഡിഗ്രിയിലധികം കുത്തനെയുള്ള ഇവിടെനിന്ന് ആൾക്കാരെ മാറ്റാനോ അവർക്കുവേണ്ട സൗകര്യം ഒരുക്കാനോ വാർഡ് മെമ്പറോ ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല എന്ന് കോളനി നിവാസികൾ പറഞ്ഞു.  എൺപത്തൊന്ന് വയസുള്ള ഉണ്ണിരായാൻമുതൽ ഏഴുമാസം പ്രായമുള്ള അർച്ചനവരെയുള്ളവർ കനത്ത മഴയിലും ഉരുൾപൊട്ടലിലും ജീവൻ കൈയില്‍പിടിച്ചാണ് കോളനിയിൽ കഴിച്ചുകൂട്ടിയത്. പെരിങ്ങാപ്പാറ ക്രഷർവഴിയുള്ള റോഡ് കനത്തമഴയിൽ തകരുകയും കാൽനടയാത്രപോലും ദുഷ്കരമാകുകയുംചെയ്തതോടെ കോളനി ഒറ്റപ്പെട്ടു. 
നിരവധി കുട്ടികൾ ഇവിടുത്തെ റോഡിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും പ്രശ്നങ്ങൾ കാരണമാണ് ഹോസ്റ്റലിൽനിന്ന് പഠിക്കേണ്ടിവരുന്നത്. അച്ഛനെയും അമ്മയെയും കാണാതെ നിൽക്കുന്നത് വലിയ സങ്കടമാണെന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന രാജീവും ദീപയും പറയുന്നു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയിട്ടും ഉന്നതപഠനത്തിന് പോകാൻ സാധിക്കാത്തതിൽ വിഷമം ഉണ്ടെന്ന്  നിവേദ്യ പറഞ്ഞു. ഏതുനിമിഷവും അപകടം പതിയിരിക്കുന്ന ഇവിടെനിന്ന് തങ്ങൾക്ക് മാറി താമസിക്കണമെന്നും അതിനുവേണ്ട സഹായങ്ങൾ ഉണ്ടാകണമെന്നും കോളനി നിവാസികൾ   കലക്ടർക്കും സർക്കാരിനും നിവേദനം നൽകിയിട്ടുണ്ട്. ഇവിടേക്കുള്ള റോഡ് നന്നാക്കാൻ പല തവണകളിലായി ഫണ്ടിന് അപേക്ഷിച്ചെങ്കിലും കോളനിയുടെ താഴെഭാഗത്തും മുകൾഭാഗത്തും സ്വകാര്യ വ്യക്തികളുടെ ഭൂമിയാണെന്ന് പറഞ്ഞുകൊണ്ട് അവയൊക്കെ നിരസിക്കുകയാണുണ്ടായതെന്ന് ചന്ദ്രൻ പറഞ്ഞു.


deshabhimani section

Related News

View More
0 comments
Sort by

Home