ad
Deshabhimani

ചിറകുവിരിച്ച‌് പറക്കാൻ ചിത്രശലഭ വിദ്യാലയം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 08, 2018, 06:41 PM | 0 min read

മലപ്പുറം
കൗമാരപ്രായക്കാരുടെ ആത്മവിശ്വാസം വളർത്തി, അവരെ സർ​ഗാത്മക വ്യക്തികളായി വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ‘ചിത്രശലഭ വിദ്യാലയം’ പദ്ധതിക്ക‌് പൂക്കൊളത്തൂർ ഗവ. ഹയർ സെക്കന്‍ഡറി സ്കൂൾ വേദിയായി. അമേരിക്കൻ പരിസ്ഥിതി പ്രവർത്തക നോറി ഹഡീൻ ചിത്രശലഭങ്ങളുടെ ജീവിതവൃത്തത്തെ മുൻനിർത്തി ആവിഷ്കരിച്ച പദ്ധതിയാണ‌് ‘ചിത്രശലഭ വിദ്യാലയ’ത്തിന്റെ അടിസ്ഥാനം.  മഹാത്മാ ഗാന്ധി സർവകലാശാല ലൈഫ് ലോങ് പഠനവിഭാഗം തലവനായിരുന്ന ഡോ. സി തോമസ് എബ്രഹാമിന്റെ നേതൃത്വത്തിലാണ‌് പദ്ധതി. പ്യൂപ്പയിൽനിന്ന‌് ചിത്രശലഭത്തിലേക്കെന്നപോലെ കുട്ടികളുടെ ആന്തരിക കഴിവുകളെ വളർത്തിയെടുക്കുന്ന പ്രവർത്തനങ്ങളാണ‌് ആസൂത്രണംചെയ‌്തത‌്. സംസ്ഥാനത്ത് ആദ്യമായാണ‌് ഇത്തരമൊരു പദ്ധതി. 
പദ്ധതിയുടെ ഭാഗമായി സ‌്കൂളിൽ വെള്ളിയാഴ‌്ച ആരംഭിച്ച മൂന്നുദിവസത്തെ ശിൽപ്പശാലയിൽ പത്താംക്ലാസ‌് വിദ്യാർഥികളും രക്ഷിതാക്കളും പങ്കെടുത്തു.വനിതാ ശിശുവികസന വകുപ്പും പുൽപ്പറ്റ പഞ്ചായത്തും പൂക്കൊളത്തൂർ സിഎച്ച്എം ഹയർ സെക്കന്‍ഡറി സ്കൂളും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്ത രക്ഷിതാക്കൾക്ക്  ശിൽപ്പശാല നൽകും. 
കുട്ടികൾക്ക് രണ്ടു മാസത്തിലൊരിക്കൽ തുടർ പരിശീലനവും. ജൂൺ 28ന‌് അധ്യാപകരുടെ അവതരണ വൈഭവം മെച്ചപ്പെടുത്താനുള്ള രണ്ടുദിവസത്തെ ക്ലാസോടെയായിരുന്നു പദ്ധതിയുടെ തുടക്കം.  
സമാപന പരിപാടി അസിസ്റ്റന്റ് കലക്ടർ വികൽ ഭരദ്വാജ് ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് സൈനബ അധ്യക്ഷയായി. ഷാജിത അറ്റാശേരി പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത്കാര്യ ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി അബ്ദുറഹിമാൻ, ഫാത്തിമ റാഹീമ, ഒ പി കുഞ്ഞാപ്പു ഹാജി, പി അജയകുമാർ, രോഹിണി മുത്തൂർ എന്നിവർ സംസാരിച്ചു.
സാമൂഹ്യക്ഷേമ വകുപ്പ് സൂപ്പർവൈസർ ഷാജിത അറ്റാശേരിയുടെ മുൻകൈയിലാണ് പദ്ധതി സാക്ഷാത്കരിച്ചത‌്. കൗമാരക്കാരികൾക്കായുള്ള ‘അവർ പാടുന്നു’,  ഗ്രാമീണരായ വിദ്യാർഥികളുടെ കൂട്ടമായ ചിത്രരചനയായ ‘കുത്തിവര’, കൗമാരക്കാരികളുടെ ആത്മരക്ഷയ്ക്കായുള്ള ‘അവൾക്ക്’ എന്നീ പരിപാടികളുടെ തുടർച്ചയായാണ് ചിത്രശലഭ വിദ്യാലയവും.


deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home