വൈദ്യുതി പുനഃസ്ഥാപിക്കാൻ കർമ പദ്ധതിയുമായി കെഎസ‌്ഇബി

കോഴിക്കോട‌്
മഹാപ്രളയത്തിൽ തകരാറിലായ വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ കർമ പദ്ധതിയുമായി ജില്ലയിലെ കെഎസ‌്ഇബി സർക്കിളുകൾ. ദുരന്തം ഏറെ നാശം വിതച്ച കോഴിക്കോട‌് സർക്കിളിൽ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ളത‌് 61 വീടുകളിൽ മാത്രം. വടകര സർക്കിളിലെ 100 വീടുകളിലും വൈദ്യുതി നൽകി. സ‌്ക്വാഡുകളായി തിരിഞ്ഞുള്ള ജീവനക്കാരുടെ കഠിന പ്രയത‌്നംമൂലമാണ‌് വൈദ്യുതി തകരാറുകൾ ഉടൻ പരിഹരിക്കാനായത‌്.
കോഴിക്കോട‌് സർക്കിളിൽ മഴക്കെടുതിയിൽ തകരാറിലായ 2560 വീടുകളിൽ പരിശോധന നടത്തി ഇതിനകം വൈദ്യുതി എത്തിച്ചു. വയറിങ് അടക്കം നടത്തേണ്ട 61 വീടുകളിലാണ‌് ഇനി പുനഃസ്ഥാപിക്കാനുള്ളത‌്. ട്രാൻസ‌്ഫോർമറുകളും തകർന്ന പോസ‌്റ്റുകളും പൊട്ടിവീണ ലൈനുകളും നന്നാക്കുന്നത‌് അവസാനഘട്ടത്തിലാണ‌്. ശനിയാഴ‌്ചയോടെ എല്ലാ പരിശോധനയും പൂർത്തിയാക്കാൻ കഴിയുമെന്ന‌് സർക്കിൾ ഡെപ്യൂട്ടി ചീഫ‌് എൻജിനിയർ ബോസ‌് ജേക്കബ‌് പറഞ്ഞു.
ഉരുൾപൊട്ടലിൽ പെട്ടും മഴവെള്ളം കയറിയുമാണ‌് 3000ലേറെ വീടുകളിൽ വൈദ്യുതി ബന്ധം തകരാറിലായത‌്. കോഴിക്കോട‌്, ബാലുശേരി, ഫറോക്ക‌് ഡിവിഷനുകീഴിൽ യഥാക്രമം 25, 23, ഒമ്പത‌് എന്നിങ്ങനെ വിവിധ സ്‌ക്വാഡുകൾ രൂപീകരിച്ച‌് പ്രവർത്തനവും തുടങ്ങി. കെഎസ‌്ഇബി ജീവനക്കാർക്കു പുറമെ വയർമെൻസ‌് അസോസിയേഷൻ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകരുടെ സേവനവും ഉണ്ടായിരുന്നു. പരിശോധനയ‌്ക്കൊപ്പം വീടുകളിൽ വെള്ളം കയറി കേടുപാടു സംഭവിച്ച ഉപകരണങ്ങളുടെ കണക്കെടുത്ത‌് ജില്ലാ ഭരണ സംവിധാനത്തിന‌് കൈമാറുകയും ചെയ്യും.
വടകര സർക്കിളിന‌് കീഴിൽ മഴക്കെടുതിയിൽ തകർന്ന 100 വീടുകളിലും വൈദ്യുതി പുനഃസ്ഥാപിച്ചു. ട്രാൻസ‌്ഫോർമറുകൾ മാറ്റി സ്ഥാപിച്ചു. തകർന്ന പോസ‌്റ്റുകൾ മാറ്റി പകരം പുതിയത‌് സ്ഥാപിച്ചു. 12 സ‌്ക്വാഡുകളായി തിരിഞ്ഞാണ‌് വൈദ്യുതി പുനഃസ്ഥാപിച്ചതെന്ന‌് ഡെപ്യൂട്ടി ചീഫ‌് എൻജിനിയർ ഇ ആർ ശ്രീലത പറഞ്ഞു.
മഴക്കെടുതിയിൽ ജില്ലയിൽ കെഎസ‌്ഇബിയ‌്ക്ക‌് നഷ്ടം നാല‌് കോടി രൂപയ‌്ക്കടുത്താണ‌്. കഴിഞ്ഞ രണ്ടാഴ‌്ചയ‌്ക്കിടെ ഒരു കോടി രൂപയുടെ നഷ്ടവുമുണ്ടായി. ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലുമുണ്ടായ താമരശേരി താലൂക്ക‌് ഉൾപ്പെടുന്ന കോഴിക്കോട‌് സർക്കിളിലാണ‌് കൂടുതൽ നാശം.









0 comments