താമരശേരി ചുരത്തിൽ 19 സോളാർ ലൈറ്റുകൾ സ്ഥാപിക്കും

കോഴിക്കോട‌്
താമരശേരി ചുരം റോഡിൽ 19 കേന്ദ്രങ്ങളിൽ ജില്ലാ പഞ്ചായത്ത് സോളാർ ലൈറ്റും സിഗ്നൽ ലൈറ്റുകളും സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് യോഗത്തിൽ പ്രസിഡന്റ‌് ബാബു പറശ്ശേരി പറഞ്ഞു. പ്രവൃത്തി കെൽട്രോൺ മുഖേന നിർവഹണം നടത്തുന്നതിന് സർക്കാർ അനുമതി തേടും. ചുരത്തിൽ വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് പുനഃസ്ഥാപിക്കണമെന്നും ജില്ലാ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. ജില്ലാ ആയുർവേദ ആശുപത്രിയുടെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ട് സർക്കാർ ട്രഷറിയിൽ അടയ‌്ക്കണമെന്ന ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടറുടെ നിർദേശം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കും. ആശുപത്രി വികസന ഫണ്ട് ദൈനംദിന ചെലവുകൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതിക്ക് സർക്കാരിനോടിന് അപേക്ഷിക്കും. ജില്ലാ പഞ്ചായത്തിന് പൂർണമായും വിട്ടുകിട്ടിയ സ്ഥാപനങ്ങളിലെ ഫണ്ട് വിനിയോഗത്തിൽ വകുപ്പിന്റെ ഇടപെടൽ അധികാരവികേന്ദ്രീകരണത്തിന്റെ അന്തസ്സത്തയ്ക്ക് നിരക്കാത്തതാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ‌് പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ നടപ്പ് വാർഷികപദ്ധതിയായ എഡ്യുകെയർ സമഗ്ര പരിരക്ഷാ പദ്ധതിയ്ക്ക് 20 ലക്ഷം രൂപ വകയിരുത്തി. മൊബൈൽ ആപ‌് തയ്യാറാക്കുന്നതിന് അഞ്ച് ലക്ഷം രൂപ കൂടി വകയിരുത്തുന്നതിന് പദ്ധതി ഭേദഗതി ചെയ്യുന്നതിനും യോഗം അനുമതി നൽകി. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ‌് റീന മുണ്ടേങ്ങാട്ട്, സ്ഥിരം സമിതി ചെയർമാൻമാരായ പി ജി ജോർജ‌്, മുക്കം മുഹമ്മദ്, സുജാത മനയ്ക്കൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി ഡി ഫിലിപ്പ് എന്നിവർ സംസാരിച്ചു.









0 comments