സ്‌കൂൾ ഓഫ്‌ മാത്തമാറ്റിക്‌സ് ഇനി മികവിന്റെ കേന്ദ്രം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 13, 2024, 02:21 AM | 0 min read

 

 
കോഴിക്കോട്‌
കുന്നമംഗലത്തെ സ്‌കൂൾ ഓഫ്‌ മാത്തമാറ്റിക്‌സിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നു. അന്താരാഷ്‌ട്ര തലത്തിൽ സംയോജിത പദ്ധതികളും ഗണിതശാസ്‌ത്രത്തിൽ മികവുറ്റ  ഗവേഷണവും ഇടപെടലും ഇതിലൂടെ സാധ്യമാകും. സ്ഥാപനത്തിന്റെ മികവിനായി  കിഫ്‌ബിയിൽനിന്ന്‌  25 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചു.
   ഫണ്ടുപയോഗിച്ച്‌ കൂടുതൽ കെട്ടിട സൗകര്യങ്ങളൊരുക്കുന്നതിലൂടെ ഗവേഷണത്തിനും പഠനത്തിനും കൂടുതൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാനാവും. ക്ലാസ്‌ മുറികളുടെ അപര്യാപ്‌തതയും  ജീവനക്കാരുടെ കുറവുമായിരുന്നു നിലവിലെ പ്രതിസന്ധി. ഇത്‌ ഒരുപരിധിവരെ പരിഹരിക്കാനാവുമെന്നാണ്‌ പ്രതീക്ഷ. 
   മികവിന്റെ കേന്ദ്രമാകുന്നതിലൂടെ ഗവേഷണത്തിനും പഠനത്തിനും അന്താരാഷ്‌ട്രതല സാധ്യതകൾ ലഭ്യമാകുമെന്ന്‌ ഡയറക്ടർ  കെ രത്‌നകുമാർ പറഞ്ഞു. ഗുണനിലവാരമുള്ള കൂടുതൽ ഗവേഷണങ്ങൾ നടത്തും. മറ്റ്‌ യൂണിവേഴ്‌സിറ്റികളുമായി  ചേർന്ന്‌ പരിശീലന പരിപാടികളും ആസൂത്രണംചെയ്യും.      ഗവേഷണത്തിനൊപ്പം ഗണിതശാസ്‌ത്ര പഠനത്തിലേക്ക്‌ വിദ്യാർഥികളെ ആകൃഷ്‌ടരാക്കുന്നതിനുതകുന്ന പരിശീലനങ്ങളും ശിൽപ്പശാലകളുമാണ്‌  സ്‌കൂൾ ഓഫ്‌ മാത്തമാറ്റിക്‌സ്‌ പ്രധാനമായും സംഘടിപ്പിക്കുന്നത്‌. 
പിഎച്ച്‌ഡിക്ക്‌ പുറമെ ഇന്റഗ്രേറ്റഡ്‌ എംഎസ്‌സി പിഎച്ച്‌ഡി എന്ന കോഴ്‌സും ഇവിടെയുണ്ട്‌. സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലും കേന്ദ്ര ആണവോർജ വിഭാഗവും സംയുക്ത സംരംഭമായി 2007ലാണ്‌  സ്‌കൂൾ ഓഫ്‌ മാത്തമാറ്റിക്‌സ്‌ പ്രവർത്തനമാരംഭിച്ചത്‌.   രാജ്യത്ത്‌ ഗണിതശാസ്‌ത്രജ്ഞരെ വളർത്തുന്നതിനും  സംയോജിത ഗവേഷണങ്ങളും പഠനങ്ങളും നടത്താനുള്ള കേന്ദ്രമാണിത്‌.


deshabhimani section

Related News

View More
0 comments
Sort by

Home