തെളിഞ്ഞൊഴുകും ജലാശയങ്ങളാകെ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 25, 2024, 12:42 AM | 0 min read

കോഴിക്കോട്‌
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ കൂടുതൽ ജലാശയങ്ങൾക്ക്‌ പുതുജീവൻ കൈവരും. ‘ഇനി ഞാനൊഴുകട്ടെ’ പദ്ധതിയിലൂടെ ജില്ലയിലെ ജലാശയങ്ങൾ 2025 മാർച്ചോടെ വീണ്ടെടുക്കുകയാണ്‌ ലക്ഷ്യം. ഡിസംബർ എട്ടിന്‌ തുടങ്ങി മാർച്ച് 21ന് അവസാനിക്കുംവിധം പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ കഴിഞ്ഞദിവസം ചേർന്ന ജില്ലാതല ജലസാങ്കേതിക സമിതി യോഗം തീരുമാനിച്ചു. ജലബജറ്റിലും മാപ്പത്തോണിലും നീരുറവ് പദ്ധതിയിലും കണ്ടെത്തിയ നീർച്ചാലുകൾക്കാണ്‌ പ്രാധാന്യം നൽകുക.
ഇനി ഞാനൊഴുകട്ടെ പ്രവർത്തനത്തിന്റെ മൂന്നാം ഘട്ടമാണിത്‌. ആദ്യഘട്ടത്തിൽ 98 തോടും രണ്ടാം ഘട്ടത്തിൽ 457 തോടും വീണ്ടെടുത്തിരുന്നു. തദ്ദേശ ഭരണ വകുപ്പ്, ഹരിതകേരളം മിഷൻ, ജലസേചന വകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, മണ്ണ് സംരക്ഷണ വകുപ്പ്, ഭൂജല വകുപ്പ് തുടങ്ങിയവ ചേർന്നാണ്‌ മൂന്നാംഘട്ട ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്.
തദ്ദേശ സ്ഥാപന തലത്തിൽ യോഗം ചേർന്നാകും ശുചീകരണത്തിനായി നീർച്ചാൽ തെരഞ്ഞെടുക്കുക. ഹരിത ടൗൺ പ്രഖ്യാപനം നടത്തിയ സ്ഥലങ്ങളിലൂടെ ഒഴുകുന്നവയ്‌ക്ക് മുൻഗണന നൽകും. ഖര–--ദ്രവ മലിനീകരണവും എക്കൽ അടിഞ്ഞും കളച്ചെടികളും വൃക്ഷങ്ങളും വളർന്ന് ഒഴുക്ക് തടസ്സപ്പെടുന്നതും കണ്ടെത്തിയാകും പ്രവർത്തനം ഏറ്റെടുക്കുക. പ്രാദേശികമായി പരമാവധി ആളുകളെ പങ്കെടുപ്പിച്ചാകും ശുചീകരണം. ഇതിനായി ജനകീയ കൺവൻഷനുകളും ചേരും. ശേഖരിക്കുന്ന മാലിന്യം സമയബന്ധിതമായി നീക്കും. ഡിസംബർ എട്ടിന്‌ ജില്ലാതല ഉദ്‌ഘാടനത്തോടെയാകും തുടക്കം.

 



deshabhimani section

Related News

View More
0 comments
Sort by

Home