വികസനത്തിൽ, 
ഫയൽ നീക്കത്തിൽ അതിവേഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 17, 2024, 12:57 AM | 0 min read

കോഴിക്കോട്‌ 
കോർപറേഷനിൽ ഭരണസ്‌തംഭനമെന്ന ആരോപണം ദുരുദ്ദേശ്യപരവും അവാസ്‌തവുമാണെന്ന്‌ മേയർ ബീന ഫിലിപ്പും ഡെപ്യൂട്ടി മേയർ സി പി മുസാഫർ അഹമ്മദും പറഞ്ഞു. യുഡിഎഫ്‌ നുണപ്രചാരം ചില പത്രങ്ങൾ അതേപടി വാർത്തയാക്കുകയാണ്‌. കോർപറേഷനെ ഇകഴ്‌ത്തിക്കാണിക്കാനുള്ള ഗൂഢനീക്കമാണിതിനുപിന്നിൽ. ചേരാത്ത കൗൺസിൽ യോഗം ചേർന്നു, തർക്കവും ബഹളവുമുണ്ടായെന്ന്‌ വാർത്ത നൽകി അപഹാസ്യരായവരാണ്‌ വീണ്ടും നുണ പ്രചരിപ്പിക്കുന്നത്‌. ജീവനക്കാർ കൂട്ട അവധിയാണെന്നും ഫയൽ കെട്ടിക്കിടക്കുന്നുവെന്നും  നൽകിയതും കള്ളമാണ്‌. സംസ്ഥാനത്ത്‌ കെ സ്‌മാർട്ട്‌ വഴി ഫയൽ കൈകാര്യംചെയ്യുന്ന കോർപറേഷനുകളിൽ മുന്നിലാണ്‌ കോഴിക്കോട്‌. കെ സ്‌മാർട്ട്‌ വന്നശേഷം ലഭിച്ച 1,75,594 ഫയലിൽ 1,53,037ഉം തീർപ്പാക്കി. 
ചരിത്രത്തിലില്ലാത്ത നേട്ടമാണിത്‌. സെക്രട്ടറിയുടെ ലോഗിനിൽ ഫയൽ കെട്ടിക്കിടക്കുന്നതായ വാർത്തയും തെറ്റാണ്‌. സെക്രട്ടറി അവധിയെടുത്തപ്പോൾ അഡീഷണൽ സെക്രട്ടറിക്ക്‌ ചുമതല നൽകിയിട്ടുണ്ട്‌. ജനങ്ങളെ ബാധിക്കുന്ന കെട്ടിടനിർമാണമുൾപ്പെടെയുള്ള വിഭാഗങ്ങളിൽ അതിവേഗത്തിലാണ്‌ ഫയൽനീക്കം. 86.99 ശതമാനം അപേക്ഷയിലും അനുമതി നൽകി റെക്കോഡിട്ടു.  ജനന–-മരണ –-വിവാഹ രജിസ്‌ട്രേഷൻ അപേക്ഷകൾ മണിക്കൂറുകൾക്കകം നൽകുന്നുണ്ട്‌. 71,577 അപേക്ഷ കിട്ടിയതിൽ 62,360 ലും സർട്ടിഫിക്കറ്റ്‌ നൽകി.  കച്ചവടലൈസൻസിന്‌ ലഭിച്ച 11,730 അപേക്ഷയിൽ 9953 ഉം തീർപ്പാക്കി. വസ്‌തുനികുതിയുമായി ബന്ധപ്പെട്ട 44,913ൽ 38,209ലും അംഗീകാരം നൽകി. ഫ്രൻഡ്‌ ഓഫീസും കെ സ്‌മാർട്ടും സജീവമായതോടെ ജനങ്ങൾക്ക്‌ പരാതിരഹിതസേവനം നൽകാനാകുന്നു. ഈ വിധത്തിൽ മികച്ച പ്രവർത്തനം തുടരവേയാണ്‌ രാഷ്‌ട്രീയലക്ഷ്യത്തോടെ കോർപറേഷനെ കരിവാരിത്തേക്കുന്നത്‌. യുഡിഎഫിന്റെ ലഘുലേഖയായി ചില മാധ്യമങ്ങൾ മാറുന്നത്‌ ജനങ്ങൾ തിരിച്ചറിയും –- മേയറും ഡെപ്യൂട്ടി മേയറും വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്ഥിരംസമിതി ചെയർമാന്മാരായ ഡോ. എസ്‌ ജയശ്രീ, പി ദിവാകരൻ, പി സി രാജൻ, കെ  കൃഷ്‌ണകുമാരി, പി കെ നാസർ എന്നിവരും പങ്കെടുത്തു.

 



deshabhimani section

Related News

View More
0 comments
Sort by

Home