വയസ്സല്ല, മനസ്സാണ്‌ വൈബ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 01, 2024, 02:53 AM | 0 min read

 

കോഴിക്കോട്
ആഹ്ലാദം അലതല്ലിയ ഒരു പകലിന് പ്രായം തോൽക്കുന്ന അഴകായിരുന്നു. പതിവുകൾക്ക് അവധിനൽകി അവരൊന്നിച്ചുകൂടി, കടൽ കണ്ടു, ഒന്നിച്ചുണ്ടു, യാത്രപോയി, പാട്ട് പാടി, നൃത്തം വച്ചു...  നഗരത്തിലെങ്ങും അവർ നിറഞ്ഞു. 
      നഗരത്തിലെ പകൽ വീട്ടിലെ അംഗങ്ങൾക്കായി  കോർപറേഷൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വിനോദ യാത്രയാണ് വയോജനങ്ങൾക്ക് മധുര നിമിഷങ്ങൾ സമ്മാനിച്ചത്.  കുണ്ടൂപ്പറമ്പ്, മൊകവൂർ, എരഞ്ഞിപ്പാലം, കരുവിശേരി, പൂളക്കടവ് എന്നിവിടങ്ങളിലെ പകൽവീട് അംഗങ്ങളായ 263 പേരാണ് ഒത്തുചേർന്നത്.  തളി ക്ഷേത്രം, മിഷ്‌കാൽ പള്ളി എന്നിവ സന്ദർശിച്ച സംഘത്തിന്‌ കോർപറേഷൻ ഓഫീസിൽ   മേയർ ബീന ഫിലിപ്പ്, ആരോഗ്യ സമിതി അധ്യക്ഷ എസ് ജയശ്രീ എന്നിവർ ചേർന്ന്‌ സ്വീകരണം നൽകി. കേക്ക് മുറിച്ച്‌  ആഘോഷത്തിന്‌  മധുരം  പകർന്ന  മേയർ അംഗങ്ങളുമായി സംസാരിച്ചു. തുടർന്ന്‌ മേയറും  എസ് ജയശ്രീയും അംഗങ്ങൾക്കൊപ്പം നൃത്തംചെയ്‌തു. 
    തുടർന്ന് സംഘം മൂന്നായി തിരിഞ്ഞ് പത്രസ്ഥാപനങ്ങൾ സന്ദർശിച്ചു. ദേശാഭിമാനി, മാതൃഭൂമി, മലയാള മനോരമ എന്നീ പത്രം ഓഫീസുകളാണ്  സന്ദർശിച്ചത്. തുടർന്ന് എസ് കെ പൊറ്റെക്കാട്ട്‌ ഹാളിൽനിന്ന്‌ ഭക്ഷണം കഴിച്ച ശേഷം ബസിൽ പാട്ട്‌ പാടിയും നൃത്തംവച്ചും നഗരം ചുറ്റിക്കണ്ട്‌,  വൈകിട്ട്‌  കാപ്പാട് ബീച്ചിലെത്തി. ഏറെനേരം തീരത്തും പാർക്കിലുമായി ചെലവഴിച്ച സംഘം വൈകിട്ട് ആറോടെയാണ് മടങ്ങിയത്. ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി ദിവാകരൻ, വിദ്യാഭ്യാസ സമിതി അധ്യക്ഷ സി രേഖ, പി ബിജുലാൽ കൗൺസിലർമാരായ ഫെനിഷ, കെ റീജ എന്നിവർ അനുഗമിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home