കോട്ടയം പോർട്ട‌് വികസനത്തിനായി ചർച്ച നടത്തും: -മന്ത്രി ഇ പി ജയരാജൻ

കോട്ടയം
കോട്ടയം പോർട്ടിന്റെ സുഗമമായ ജലഗതാഗതത്തിനും ക്രെയിൽ സംവിധാനം ഉൾപ്പെടുത്താനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന‌് മന്ത്രി ഇ പി ജയരാജൻ. കോട്ടയം പോർട്ടിലെത്തിയ മന്ത്രി ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കോട്ടയം പോർട്ടിന്റെ വികസനത്തിനായി നിലവിലെ തുറമുഖബോർഡ് അംഗങ്ങളായ പോർട്ട് ട്രസ്റ്റ്, കിൻഫ്ര, തുറമുഖ വകുപ്പ് എന്നീ പ്രതിനിധികളുമായി ചർച്ച നടത്തും. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന പോർട്ട് അതിന്റെ പ്രവർത്തനം പൂർണതോതിലേക്ക് എത്തിയിട്ടില്ലെന്ന് യോഗത്തിൽ പങ്കെടുത്ത മുൻ എംഎൽഎ വി എൻ വാസവൻ പറഞ്ഞു. ഇതിനെ തുടർന്നാണ് യോഗം വിളിച്ച് വേണ്ടനടപടി സ്വീകരിക്കുന്നതിന് നടപടിയെുടക്കുമെന്ന് മന്ത്രി അറിയിച്ചത്. തുറമുഖ വളപ്പിൽ കാലത്തിനനുസരിച്ചുള്ള മാറ്റങ്ങളും മറ്റ് ഗുണകരമായ പ്രവർത്തനങ്ങൾക്ക് അവസരമുണ്ടാക്കുന്നതിനുള്ള സംവിധാനവും ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈ ആൻഡ‌് ലോജിസ്റ്റിക്സ് മേഖലയിലേക്കും പോർട്ട് മാറുകയാണ്. എന്ത് സാധനങ്ങളും എടുത്തുകൊണ്ടുവരാനും അത് ഉപഭോക്താവിന്റെ അടുക്കൽ എത്തിക്കുക എന്നതുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി മെസ്ക് ഷിപ്പിങ‌് കമ്പനിയുമായി കരാർ ഒപ്പിട്ടതായും ഈ മാസം 21 മുതൽ ഈ പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ മന്ത്രിയെ അറിയിച്ചു.
സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ, മാനേജിങ‌് ഡയറക്ടർ എബ്രഹാം വർഗീസ്, ജനറൽ മാനേജർ രൂപേഷ് ബാബു, ഡയറക്ടർമാരായ എസ് ബൈജു, എം സി അലക്സ്, സാജൻ കുര്യൻ, ഷാജി ജോസഫ് എന്നിവർ ഒപ്പമുണ്ടായി.








0 comments