തുടർച്ചയായി വാഹനമോഷണം; പൊറുതിമുട്ടി വർക‌്ഷോപ്പ‌് ഉടമകൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jun 22, 2018, 08:15 PM | 0 min read

 

കോട്ടയം

മോഷ്ടാക്കളുടെ വിളയാട്ടത്തിൽ നട്ടംതിരിഞ്ഞ‌് ജില്ലയിലെ വർക‌്ഷോപ്പ‌് ഉടമകൾ. ഒരുമാസത്തിനുള്ളിൽ എട്ട‌് വർക‌്ഷോപ്പുകളിൽനിന്നാണ‌് വാഹനങ്ങ‌ളും സ‌്പെയർപാർട‌്സുകളും മോഷ്ടിച്ചത‌്. പ്രതികളെ ഇതുവരെ അറസ‌്റ്റ‌് ചെയ്യാനും പൊലീസിന‌് കഴിഞ്ഞിട്ടില്ല.

ഇരുപതുദിവസം മുൻപാണ‌് ഈരാറ്റുപേട്ടയിലെ ഒരു വർക‌്ഷോപ്പിന്റെ പിൻഭാഗത്തെ ഷട്ടറിന്റെ താഴ‌് അറുത്ത‌് ഡസ‌്റ്റർ വാഹനവും നാലു ടയറുകളും മോഷ്ടിച്ചത‌്. നാലുദിവസം മുൻപ‌് കോട്ടയത്ത‌് കോടിമത പാലത്തിന‌് സമീപത്തെ വർക‌്ഷോപ്പിൽനിന്നും സ്വിഫ‌്റ്റ‌് കാറും ടയറുകളും ബാറ്ററിയും കവർന്നു. ചാലുകുന്നിലെ വിഷ‌്ണു ഓട്ടോ ഇലക‌്ട്രിക്കൽസ‌് കുത്തിത്തുറന്ന‌് ആറ‌് ബാറ്ററികളും കഴിഞ്ഞദിവസം മോഷ്ടിച്ചു. 

രണ്ടാഴ‌്ചമുൻപ‌് കോട്ടയം തെക്കുംഗോപുരത്തെ സുപ്രീം മോട്ടോഴ‌്സിൽ നിന്നും തട്ടിയെടുത്ത കാർ പിന്നീട‌് വഴിയരികിൽനിന്നും കണ്ടെത്തിയിരുന്നു. തകരാർമൂലം മോഷ്ടാക്കൾ വഴിയരികിൽ ഉപേക്ഷിച്ചതാണെന്ന‌് കരുതുന്നു. പാലാ, ഞാലിയാകുഴി, വൈക്കം, കുറവിലങ്ങാട‌് എന്നിവിടങ്ങളിൽ നിന്നും വാഹനങ്ങൾ നഷ്ടമായിട്ടുണ്ട‌്. ലെയ‌്ത്ത‌് ഉപകരണങ്ങൾ, ടൂൾസ‌്, ജാക്കി തുടങ്ങിയവയും മോഷ്ടാക്കൾ കവർന്നതായി വർക‌്ഷോപ്പ‌് ഉടമകൾ പറയുന്നു. 

പൊലീസിൽ പരാതിനൽകിയെങ്കിലും ഇതുവരെ തുമ്പ‌് ലഭിച്ചതായി സൂചനയില്ല. മോഷ്ടിച്ച വാഹനങ്ങൾ പൊളിച്ച‌് വിൽക്കാനുള്ള സാധ്യത  ഏറെയുണ്ട‌്. വർക‌്ഷോപ്പുകളിൽ സിസി ടിവി ക്യാമറയോ സെക്യൂരിറ്റി ജീവനക്കാരോ ഇല്ലാത്തതും മോഷ്ടാക്കൾക്ക‌് ഗുണമായെന്ന‌് പൊലീസ‌് പറയുന്നു. അന്വേഷണത്തിൽ ഫലമുണ്ടാകാതിരിക്കുകയും അതോടൊപ്പം കളവുപോയ വാഹനങ്ങൾ തിരികെ നൽകണമെന്ന‌് വാഹന ഉടമകൾ  ആവശ്യപ്പെടുകയും ചെയ്യുമ്പോൾ വർക‌്ഷോപ്പ‌് ഉടമകൾ നിസ്സഹായാവസ്ഥയിലാണ‌്. ജില്ലയിൽ ഇപ്രകാരം വാഹനമോഷണ കേസുമായി ബന്ധപ്പെട്ട‌് നേരത്തെ നാലുപേർ പിടിയിലായിട്ടുണ്ട‌്. ഇതിൽ രണ്ടുപേർ ഇപ്പോൾ ശിക്ഷ അനുഭവിച്ചുവരികയാണ‌്. മറ്റു രണ്ടുപേർ എവിടെയാണെന്ന‌് പൊലീസ‌് അന്വേഷിച്ചുവരികയുമാണ‌്. 

തുടർച്ചയായ മോഷണത്തിൽ അന്വേഷണം നടത്തണമെന്ന‌് ആവശ്യപ്പെട്ട‌് അസോസിയേഷൻ ഓഫ‌് ഓട്ടോമൊബൈൽ വർക‌്ഷോപ്പ‌്സ‌് കേരള ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ പൊലീസ‌് മേധാവിക്ക‌് ഉൾപ്പെടെ പരാതി നൽകിയിരുന്നു. അന്വേഷണം ഊർജ്ജിതമാക്കാത്ത പക്ഷം മറ്റു പ്രതിഷേധ സമരം ആരംഭിക്കുമെന്ന‌് ജില്ലാ പ്രസിഡന്റ‌് എ ആർ രാജൻ അറിയിച്ചു.

 



deshabhimani section

Related News

View More
0 comments
Sort by

Home