ആലീസിനും കൊച്ചുമക്കൾക്കും വീടൊരുക്കുന്നു

കുമരകം
ആലീസിനും കൊച്ചുമക്കൾക്കും കയറികിടക്കാൻ വീടൊരുങ്ങുന്നു. വീടില്ലാതെ ദുരവസ്ഥയിലായ ഇൗ കുടുംബത്തിന‌് സഹായഹസ‌്തവുമായി സിപിഐ എം. സിപിഐ എം കുമരകം നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവർക്ക് വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചു. വീടിന്റെ തറക്കല്ലിടീൽ വ്യാഴാഴ്ച രാവിലെ ഒൻപതിന് ജില്ലാ സെക്രട്ടറി വി എൻ വാസവൻ നിർവഹിക്കും.
കുമരകം 15 ാം വാർഡിൽ പള്ളിത്തോപ്പിൽ വീട്ടിൽ ആലീസ് (65) എന്ന മുത്തശ്ശിയ്ക്ക് പറയാനുള്ളത് നീറുന്ന കണ്ണീർ കഥ തന്നെ. പറക്കമുറ്റാത്ത പേരക്കുട്ടികളുമായി പൊട്ടിപ്പൊളിഞ്ഞ ചോർന്നൊലിക്കുന്ന വീട്ടിലായിരുന്നു ഇവർ കഴിഞ്ഞുവരുന്നത്. ആരോടും പരിഭവവും പരാതിയുമില്ല. ശക്തമായ മഴയും കാറ്റിലും വീടിന്റെ മേൽകൂരയ്ടക്കം തകർന്നു. പിന്നീട് വീട്ടിൽ ഭയപ്പാടോടെയുള്ള ദിനരാത്രങ്ങളായിരുന്നു. പുറത്തൊന്ന് ശബ്ദം കേട്ടാൽ കണ്ണ് തുറക്കും. അടുത്തുള്ള കൊച്ചുമക്കളെ നോക്കിയ ശേഷം അവരെ മാറോട് ചേർത്തു കിടത്തും. മകളും ഭർത്താവും പിണങ്ങിപ്പിരിഞ്ഞതോടെ മൂന്നു പേരക്കുട്ടികളുടെ ഏക ആശ്രയമാണ് ഈ മുത്തശ്ശി. സിപിഐ എമ്മിന്റെ നേതൃത്വത്തിൽ ഇവർക്ക് വീട് വച്ചുനൽകുന്നതിനുള്ള പ്രവർത്തനം നടന്നുവരുകയായിരുന്നു.
കുടികിടപ്പായി ലഭിച്ച രണ്ടു സെന്റ് സ്ഥലത്താണ് വീടിരിക്കുന്നത്. ആശ്രയ പദ്ധതിയുടെ പ്രവർത്തനവുമായി സിഡിഎസ് ചെയർപേഴ്സൺ കുമരകം പതിനെട്ടിൽചിറ ബിനു വീട്ടിൽ എത്തിയപ്പോഴാണ് ഇവരുടെ ദുരാവസ്ഥ അറിയുന്നത്. ബിനു ഈ വീടിന്റെ പടവും മറ്റും സോഷ്യൽ മീഡിയയിൽ പോസ്റ്റ‌് ചെയ്തു. ഇതുകണ്ട ചങ്ങനാശേരി സ്വദേശി കലേഷ് വീട‌് ചോരാതിരിക്കാൻ പ്ലാസ്റ്റിക് പടുതവാങ്ങി നൽകി. കുമരകം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ ആലീസിന്റെ വീട്ടിലെത്തി ഒടിഞ്ഞ മേൽക്കൂരയിൽ താൽകാലിക സുരക്ഷയൊരുക്കി പടുതകെട്ടി. ആലീസിന്റെ മൂത്ത മകൾ സിനിയുടെ മക്കളായ സുജിത(13), ശ്രുതി(12), സൂര്യ(7) എന്നിവരാണ് ഇവർക്കൊപ്പമുള്ളത്. അഞ്ചുവർഷം മുൻപ് സിനിയുടെ ഭർത്താവ് സുരേഷ് കുടുംബ കലഹത്തെ തുടർന്ന് വീടു വിട്ടുപോയി. പിന്നീട് മക്കളെ ഉപേക്ഷിച്ച് സിനിയും നാടുവിട്ടു. ഇതോടെ മൂന്നു മക്കൾക്കും മുത്തശ്ശി ആലീസിന്റെ സംരക്ഷണയിലായി. മൂത്ത രണ്ടു പെൺകുട്ടികളെ നാട്ടുകാർ ഇടപെട്ട് മാവേലിക്കരയിലുള്ള ഒരു കോൺവന്റിൽ ആക്കി. ഇവർ ഈ കുട്ടികളുടെ പഠനച്ചെലവും താമസവും ഏറ്റെടുത്തു. ഇളയ മകൻ സൂര്യ കുമരകം സെന്റ് പീറ്റേഴ്സ് എൽപി സ്കൂളിൽ പഠിക്കുന്നു. ഇതേ സ്കൂളിൽ ശുചീകരണ ജോലികൾ ചെയ്താണ് ആലീസ് ഉപജീവനം കണ്ടെത്തുന്നത്. സൂര്യ മാത്രമാണ് ഇപ്പോൾ മുത്തശ്ശിക്കൊപ്പം താമസിക്കുന്നത്.
.









0 comments