ട്രെയിൻ വേഗം കുറയുമ്പോൾ മൊബൈൽ അടിച്ചുവീഴ്‌ത്തി മോഷണം; പ്രതി പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 02, 2024, 12:46 AM | 0 min read

കോട്ടയം
ഓടുന്ന ട്രെയിനിൽനിന്ന്‌ യാത്രക്കാരുടെ ഫോൺ മോഷ്ടിക്കുന്ന അസം സ്വദേശിയെ പിടികൂടി റെയിൽവേ പൊലീസ്‌. 
അസം ഗുവഹാത്തി സ്വദേശി ജോഹർ അലി(24)യെയാണ് കോട്ടയം റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ട്രെയിനിന്റെ വേഗം കുറയുന്ന സമയത്ത്‌ ഫുട്ബോഡിൽ ഇരുന്ന് യാത്ര ചെയ്യുന്നവരുടെ മൊബൈൽ വടി കൊണ്ട്‌ അടിച്ച് വീഴ്ത്തിയും കൈകൊണ്ട് തട്ടിപ്പറിക്കുകയുമാണ്‌ ഇയാളുടെ രീതി. കഴിഞ്ഞ 28ന്‌ ശബരി എക്‌സ്‌പ്രസിൽ യാത്രചെയ്ത എറണാകുളം സ്വദേശിയുടെ മൊബൈൽ ഏറ്റുമാനൂർ റെയിൽവേ സ്‌റ്റേഷനിൽ വച്ച്‌ സമാനമായ രീതിയിൽ ഇയാൾ തട്ടിയെടുത്തിരുന്നു. തുടർന്ന്‌ എറണാകുളം സ്വദേശി പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി പിടിയിലായത്‌. ഇയാളുടെ പക്കൽനിന്ന്‌ നാല്‌ ഫോണുകൾ കൂടി പിടിച്ചെടുത്തു. ഇവ നാഗമ്പടം, കുമാരനല്ലൂർ, നീലിമംഗലം എന്നിവിടങ്ങളിൽനിന്ന്‌ തട്ടിയെടുത്തതാണെന്ന്‌ പ്രതി സമ്മതിച്ചതായി പൊലീസ്‌ പറഞ്ഞു. കൂടുതൽ ഫോണുകൾ തട്ടിയെടുത്ത് സ്വന്തം നാട്ടിലേക്ക് രക്ഷപ്പെടാനായിരുന്നു ഇയാളുടെ ലക്ഷ്യം. കോടതിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു. എസ് സിപിഒ വി ജി ദിലീപ്, സിപിഒമാരായ കെ സി രാഹുൽമോൻ, സനു സോമൻ, ശരത് ശേഖർ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.


deshabhimani section

Related News

View More
0 comments
Sort by

Home