ചോരക്കൊതിക്ക്‌ അറുതിവേണം; പലസ്‌തീന്‌ ഐക്യദാർഢ്യം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 11:56 PM | 0 min read

കോട്ടയം
ഇസ്രയേലിന്റെ കൊലവെറിക്കെതിരെ പൊരുതുന്ന പലസ്‌തീന്‌ കോട്ടയത്തിന്റെ ഐക്യദാർഢ്യം. സിപിഐ എം –- സിപിഐ നേതൃത്വത്തിൽ കോട്ടയത്ത്‌ സംഘടിപ്പിച്ച സമാധാനസദസ്‌ ഇസ്രയേൽ വിതയ്‌ക്കുന്ന ദുരന്തത്തിനെതിരെ  പ്രതിഷേധമുയർത്താൻ ആഹ്വാനം ചെയ്‌തു. 
കൊച്ചുകുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ ക്രൂരതയ്‌ക്കെതിരെ ലോകമാകെ പ്രതിഷേധത്തിലാണ്‌. എന്നിട്ടും അധിനിവേശത്തിൽനിന്ന്‌ പിന്നാക്കം പോകാൻ തയ്യാറാകാത്ത ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു രണ്ടാം ഹിറ്റ്‌ലറായി മാറുന്ന സാഹചര്യത്തിലാണ്‌ സമാധാന ആഹ്വാനവുമായി ഐക്യദാർഢ്യ സദസ്‌ നടത്തിയത്‌. മതരാഷ്‌ട്രത്തിന്റെ അപകടവും ആ ആശയം നമ്മുടെ രാജ്യത്ത്‌ സൃഷ്ടിക്കുന്ന കലുഷിതമായ സാഹചര്യങ്ങളും സമ്മേളനത്തിൽ വിശദീകരിച്ചു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിമാരുടെ നിലപാടിന്‌ വിരുദ്ധമായാണ്‌ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിനെ പിന്തുണയ്‌ക്കുന്നത്‌. മതം രാഷ്‌ട്രീയത്തിൽ കലരുന്ന സാഹചര്യം ഒഴിവാക്കാൻ എല്ലാ ജനാധിപത്യവിശ്വാസികളും ശ്രദ്ധിക്കണം. ജനാധിപത്യവും മതനിരപേക്ഷതയും നിലനിർത്താനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും ചാലകശക്തിയായി ഇടതുപക്ഷം പ്രവർത്തിക്കുമെന്നും സമാധാനസദസ്‌ പ്രഖ്യാപിച്ചു.
സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനിൽകുമാർ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കെ പ്രഭാകരൻ, സി എൻ സത്യനേശൻ, കെ ആർ അജയ്‌, കോട്ടയം ഏരിയ സെക്രട്ടറി ബി ശശികുമാർ, പി ജെ വർഗീസ്‌, സിപിഐ സംസ്ഥാന എക്‌സിക്യൂട്ടിവംഗം ആർ രാജേന്ദ്രൻ, സിപിഐ നേതാക്കളായ പി കെ കൃഷ്‌ണൻ, ജോൺ വി ജോസഫ്‌, മോഹൻ ചേന്നംകുളം, ടി സി ബിനോയ്‌ എന്നിവർ സംസാരിച്ചു.
 


deshabhimani section

Related News

View More
0 comments
Sort by

Home